ധനുഷും സായി പല്ലവിയും ആടിത്തകര്‍ത്ത മാരി ടുവിലെ ‘റൗഡി ബേബി’ എന്ന ഗാനം റെക്കോര്‍ഡുകള്‍ നേടി മുന്നേറുന്നു. 21 കോടിയോളം കാഴ്ചക്കാരെ സ്വന്തമാക്കി യുട്യൂബില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് റൗഡി ബേബി. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.
18 കോടിയോളം കാഴ്ചക്കാരുണ്ടായിരുന്ന ധനുഷിന്റെ വൈ ദിസ് കൊലവെറിയും സായി പല്ലവിയുടെ തന്നെ ഫിദയിലെ ‘വച്ചിന്‍ഡെ’എന്നു തുടങ്ങുന്ന ഗാനത്തെയും പിന്തള്ളിയാണ് റൗഡി ബേബി മുന്നേറിയത്. 19 കോടി കാഴ്ചക്കാരാണ് ഈ ഗാനം കണ്ടത്. സായ് പല്ലവിയും ധനുഷും ചേര്‍ന്നുള്ള ചുവടുകള്‍ തന്നെയാണ് ഗാനത്തെ ശ്രദ്ധേയമാക്കിയത്. പ്രഭുദേവയുടെ കൊറിയോഗ്രാഫി കൂടിയായതോടെ ഗാനരംഗം അതിമനോഹരമായി.
യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്ലോഡ് ചെയ്ത റൗഡി ബേബി ഒന്നര മാസം കൊണ്ടാണ് ഇരുപത് കോടിയെന്ന നാഴികകല്ല് പിന്നിട്ടത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം 20 കോടി പിന്നിടുന്നത്. യുവന് ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വഹിച്ചത് ധനുഷാണ്. ധീയാണ് പെണ് ശബ്ദം. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു.