“വിവാദത്തിന്റെ ആവശ്യം ഇല്ല, ഗാനത്തിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയുടെ അവകാശം അത് സൃഷിടിച്ച സംഗീതജ്ഞർക്കും രചയിതാക്കൾക്കും തന്നെയാണ്”; എം ജയചന്ദ്രൻ

','

' ); } ?>

ഗാനങ്ങളുടെ കോപ്പി റൈറ്റ് പ്രശ്നത്തിൽ ഇളയരാജക്കനുകൂലമായി പ്രതികരിച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ന്യായം ഇളയരാജയുടെ പക്ഷത്താണെന്നാണ് ജയചന്ദ്രൻ പറയുന്നത്. കൂടാതെ റോയൽറ്റി സമ്പ്രദായം പണ്ട് മുതൽ ഉണ്ടായിരുന്നെങ്കിൽ പല സംഗീത സംവിധായകർക്കും വലിയ സഹായമായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു വിവാദത്തിന്റെയും ആവശ്യം ഇല്ല. രാജ സാർ പറഞ്ഞത് ഒരു സത്യമായ കാര്യമാണ്. നമ്മുടെ പല സംഗീത സംവിധായകരും അവരുടെ കാലഘട്ടത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് പോയിരിക്കുന്നത്. എ ടി ഉമ്മറിനെ പോലുള്ള സംഗീത സംവിധായകരൊക്കെ ആ കാലഘട്ടത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്, ഈ റോയൽറ്റി സമ്പ്രദായം ആ സമയങ്ങളിൽ വന്നിരുന്നേൽ അവർക്ക് എല്ലാം വലിയൊരു സഹായമായിരുന്നേനെ. പ്രൊഡക്ഷൻ കമ്പനിയ്ക്ക് നൽകിയെങ്കിൽ കൂടി ഒരു ഗാനത്തിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയുടെ അവകാശം അത് സൃഷിടിച്ച സംഗീതജ്ഞർക്കും രചയിതാക്കൾക്കും തന്നെയാണ്”. എം ജയചന്ദ്രൻ പറഞ്ഞു.

‘ഗായകർക്ക് വേദികളിൽ പാടുമ്പോൾ വളരെ വലിയ പ്രതിഫലം ലഭിക്കാറുണ്ട്. അതിന്റെ വളരെ ചെറിയൊരു പങ്ക്, അതിന്റെ സൃഷ്ടാക്കൾക്ക് റോയലിറ്റിയായി നൽകിക്കൂടെ. അവർ ക്രീയേറ്റ് ചെയ്ത പാട്ടുകൾ അല്ല അവർ പാടുന്നത്. ഇളയരാജ സാറിന്റെ കാര്യത്തിൽ അതിനു കൂടുതൽ പ്രസക്തിയുണ്ട്, കാരണം അദ്ദേഹത്തിന്റെ പല ആൽബങ്ങളും നിർമ്മിച്ചിരുന്നതും അദ്ദേഹമായിരുന്നു,’ എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു

ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കുന്ന നിരവധി ചലച്ചിത്ര നിർമാതാക്കളുമായി നിയമ പോരാട്ടത്തിലാണ് സംഗീത സംവിധായകൻ. ഇളയരാജയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് എൻ. സെന്തിൽകുമാർ സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് നിർദേശിച്ചിരുന്നു. ഒക്ടോബർ 22 വരെ ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ കോടതി പരിശോധിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കാനാകൂ.

തന്റെ പാട്ടുകൾ അനധികൃതമായി പ്രക്ഷേപണം ചെയ്യുന്നതിൽനിന്ന് സോണിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് കോടതി ഇടക്കാല നിർദേശം നൽകിയത്. താൻ സംഗീതം നൽകി പുറത്തിറക്കിയ ഗാനങ്ങളുടെ പൂർണ അവകാശം തനിക്കാണെന്നും അവ പ്രക്ഷേപണം ചെയ്യുന്നതിനോ മാറ്റങ്ങൾ വരുത്തി പുതിയത് ചെയ്യുന്നതിനോ സോണി മ്യൂസിക്കിന് അധികാരമില്ലെന്നും ഇളയരാജ ഹർജിയിൽ വ്യക്തമാക്കി. ഹർജിയിൽ വാദം ഒക്ടോബർ 22-ന് തുടരും

പകർപ്പവകാശ നിയമത്തിലെ 2012-ലെ ഭേദഗതി വരുന്നതുവരെ ഗാനങ്ങളുടെ അവകാശം, സംഗീതസംവിധായകനും ഗാനരചയിതാക്കളും ഗായകരും പ്രതിഫലം വാങ്ങിയതിന് ശേഷം, സിനിമാ നിർമ്മാതാക്കൾക്കാണെന്നതാണ് സോണി മ്യൂസിക്കിന്റെ വാദം. 118 സിനിമകൾക്കായി ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളുടെ അവകാശം നിർമ്മാതാക്കളിൽനിന്ന് സ്വന്തമാക്കിയിട്ടുണ്ടെന്നും, അവയുടെ പ്രക്ഷേപണം വിലക്കുന്ന ഇടക്കാല ഉത്തരവ് നൽകിയാൽ കമ്പനിയ്ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും സോണി മ്യൂസിക് കോടതിയെ അറിയിച്ചു.