മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ് ലൂസിഫര്‍. ട്രെയിലറില്‍ സൂചിപ്പിച്ചപ്പോലെ തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. മൂന്ന് മണിക്കൂര്‍ ഒരു മാസ് ചിത്രത്തിന് വേണ്ട എല്ലാ ചെരുവകളും നിര്‍മ്മിച്ചതിനാല്‍ സമയം പോകുന്നതേ അറിയില്ല..
നാട്ടിലെ പ്രാദേശിക രാഷ്ട്രീയ നേതാവായാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെ സിനിമയില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. രാഷ്ട്രീയത്തിലെ ഫണ്ടിംഗ്, അതിനെ നിയന്ത്രിക്കുന്ന ലോബികള്‍ ഇവയൊക്കെയാണ് ആദ്യ പകുതിയിലെ വിശേഷങ്ങള്‍. രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി നാടകീയമായി സിനിമ പോകുമോ എന്ന പേടി വേണ്ട. ലാലേട്ടന്‍ എന്ന അഭിനയ പ്രതിഭയുടെ ചുവട് പിടിച്ച് തന്നെയാണ് സിനിമയുടെ ഗതി.
മുഖ്യമന്ത്രിയുടെ മരണം തീര്‍ത്ത വിടവില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍, രാഷ്ട്രീയക്കാര്‍ മീഡിയയുടെ ഉപയോഗപ്പെടുത്തല്‍ എന്നിവയെല്ലാം ചിത്രത്തിലുണ്ട്. ചിത്രം അനുഭവിച്ചറിയാനുള്ളതാണ് എന്നതിനാല്‍ കഥയിലേക്ക് കടക്കുന്നില്ല. ചിത്രത്തിന്റെ തിരക്കഥ മികച്ചതാണ്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ കൈയ്യടി വാങ്ങിക്കുന്നു. അതോടൊപ്പം പൃഥ്വിരാജ് എന്ന സംവിധായകന്റെ മേയ്ക്കിംഗ് എടുത്തു പറയേണ്ടതാണ്. ഓരോ പുതിയ രംഗവും ഒന്നിനൊന്ന് മികച്ചതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാസ് ചിത്രങ്ങളില്‍ കണ്ട് പരിചയമുള്ള ആംഗിളുകളില്‍ നിന്ന് വ്യത്യസ്ഥമായി കാഴ്ച്ചകള്‍ സമ്മാനിച്ച സുജിത് വാസുദേവിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്.
വില്ലനായെത്തുന്ന വിവേക് ഒബ്‌റോയിയെ കൂടാതെ മഞ്ജു വാര്യര്‍, സായ്കുമാര്‍, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, സാനിയ ഇയ്യപ്പന്‍ തുടങ്ങീ കാസ്റ്റിംഗ് എല്ലാം തന്നെ മികച്ചതായിരുന്നു. പൃഥ്വിരാജിന്റെ അതിഥിവേഷവും ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ മികച്ചുനിന്നു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റേകി. പഴയകാല ലാലേട്ടന്റെ മാസ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു മാസ് എന്റര്‍ടെയ്‌നറാണ് ലൂസിഫര്‍.