ടൊവിനോ എന്ന നടന്റെ വേറിട്ട ലുക്കിലൂടെയും, വേറിട്ട അവതരണ രീതിയിലൂടെയും ഏറെ പ്രതീക്ഷ നല്‍കി തിയേറ്ററിലെത്തിയ ചിത്രമാണ് ലൂക്ക. അരുണ്‍ ബോസ് എന്ന നവാഗത സംവിധായകന്റെ സംവിധാനത്തില്‍ ടൊവീനോയുടെയും അഹാനയുടേയും സ്‌ക്രീനിലെ ആദ്യ ജോഡിയുമായി ലൂക്കയും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് വരവേറ്റത്. ‘മെക്്‌സിക്കന്‍ അപാരത’യുടെ സഹനിര്‍മ്മാതാക്കളായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്ന് സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെയും ബാനറിലാണ് ലൂക്ക നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന, നമ്മളെ ഏവരെയും അവരുടെ സൃഷ്ടികളിലൂടെ വിസ്മയിപ്പിക്കുന്ന കലാകാരന്മാരുടെ യതാര്‍ത്ഥ ജീവിതങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ലൂക്കയെന്ന ചിത്രം.
ആദ്യ പോസ്റ്റര്‍ തൊട്ട് പിന്നീട് പുറത്തിറങ്ങിയ ചിത്രത്തിന്റെ എല്ലാ അംശങ്ങളും മുന്നോട്ട് വെക്കുന്ന ഒരു വികാരം തന്നെയാണ് ലൂക്കയെന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ടൊവിനോയും അഹാനയും ആദ്യമായി സ്‌ക്രീന്‍ പങ്കിട്ടപ്പോള്‍ സംഭവിച്ച ഒരു മാജിക് തന്നെയാണ് ചിത്രത്തെ ആദ്യവസാനം മുന്നോട്ട് കൊണ്ടു പോകുന്നത്. തീവ്രമായ പ്രണയത്തിന്റേയും മനുഷ്യ സഹജമായ പല യാതാര്‍ത്ഥ്യങ്ങളുടേയും ഒരു കലാപരമായ ചിത്രീകരണമാണ് ലൂക്ക.
ലൂക്ക ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റാണ്, പെയിന്ററാണ്, തന്റെ കലയില്‍ ലയിക്കുന്ന ഒരാളാണ്. ബാല്യ കാലത്തില്‍ തന്റെ അച്ഛന്റെയും അമ്മയുടേയും വേര്‍പാടുകള്‍ മനസ്സില്‍ വരുത്തിയ മുറിവുകള്‍ ലൂക്ക തന്റെ കലയിലൂടെ മറക്കുന്നു. അങ്ങനെയിരിക്കെ ആകസ്മികമായി ലൂക്ക കണ്ടുമുട്ടുന്ന നിഹാരിക എന്ന പെണ്‍കുട്ടിയിലൂടെ ജീവിതത്തിലാദ്യമായി ലൂക്ക തന്റെ ജീവിതത്തില്‍ താങ്ങും തണലും പ്രണയവും കണ്ടെത്തുന്നു. ലൂക്കയിലൂടെ ഇതേ സുരക്ഷിതത്വം കണ്ടെത്തുന്ന നിഹാരികയും തന്റെ കലാകാരനോട് ആത്മാര്‍ത്ഥ പ്രണയത്തിലാവുകയാണ്.
എന്നാല്‍ ലൂക്കയുടെ മനസ്സിലെ ആഴമേറിയ മുറിവുകള്‍ പതിയെ പതിയെ ദുസ്സഹമായ അനുഭവങ്ങളായി ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ ഇവര്‍ പരസ്പരം സംരക്ഷിക്കാനുള്ള ഒരു വെപ്രാളത്തിലാവുകയാണ്. പല അറ്റങ്ങളിലേക്കും അവര്‍ അതിനായി പോകുന്നു. ഒടുവില്‍ കലയുടെ മറ്റൊരു ലോകത്ത് വെച്ച് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി ഇരുവരും വീണ്ടും കണ്ടുമുട്ടുകയാണ്.
നവാഗതരായ നിമീഷ് രവി, നിഖില്‍ വേണു എന്നിവരുടെ ഛായാഗ്രഹണവും ചിത്രസംയോജനവുമാണ് ലൂക്ക എന്ന ചിത്രത്തിന് കൃത്യമായ ഒരു പശ്ചാത്തലമൊരുക്കിയത്. സംവിധാനത്തിന്റെ പോരായ്മകള്‍ പലപ്പോഴും ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ ആര്‍ട്ടിസ്റ്റിക് ബാക്ഗ്രൗണ്ടും ചേര്‍ന്ന് നില്‍ക്കുന്ന സംഗീതവും പ്രേക്ഷകനെ വീണ്ടും ചിത്രത്തിലേക്ക് ലയിപ്പിക്കുന്നു.
മികച്ച അഭിനയമല്ലെങ്കില്‍ കൂടി ടൊവിനോയും അഹാനയും ചിത്രത്തില്‍ ആവശ്യമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ലൂക്ക എന്ന പേരും അന്തരീക്ഷവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിതിന്‍ ജോര്‍ജ് എന്ന പുതുമുഖ നടന്റെ അഭിനയം ചില രംഗങ്ങളില്‍ എടുത്തു നിന്നു.
ലൂക്ക എന്ന ചിത്രം ഒരു പെയ്ന്റിങ്ങ് പോലെയാണ്. അതില്‍ ലയിക്കുന്തോറും അര്‍ത്ഥമില്ലാത്ത ഒരു ലോകത്തേക്ക്, ജീവിതത്തിന്റെ ഒരു ചെറിയ നനുത്ത കുളിര്‍ സമ്മാനിച്ച് ആ പേര് നമ്മുടെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ചുരുളഴിയാത്ത ഒരു രഹസ്യം പോലെ അതങ്ങനെ അങ്ങനെ ഒഴുകുന്നു…