“അവരുടെ സംഗീതത്തെ സ്നേഹിക്കുക എന്നാൽ അവരെ പരസ്യമായി പിന്തുണയ്ക്കുക എന്ന് കൂടിയാണ്”; ഗായിക ചിന്മയിയെ പിന്തുണച്ച് ടി.എം. കൃഷ്ണ

','

' ); } ?>

ഗായിക ചിന്മയിയെ പിന്തുണച്ച് പോസ്റ്റ് ഇട്ട് സം​ഗീതജ്ഞനായ ടി.എം. കൃഷ്ണ. “അവരുടെ സംഗീതത്തെ സ്നേഹിക്കുന്നതിൽ അവരെ പരസ്യമായി പിന്തുണയ്ക്കുക എന്നതും ഉൾപ്പെടുന്നുണ്ടെന്ന്” എന്ന ക്യാപ്ഷനോടെയാണ് ടി.എം. കൃഷ്ണ പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിന്മയി ആലപിച്ച “തഗ് ലൈഫ്” എന്ന ചിത്രത്തിലെ “മുത്ത മഴൈ”എന്ന ​ഗാനം മുൻനിർത്തിയാണ് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.

“വൈരമുത്തുവിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടും, നിരന്തരമായ ആക്രമണങ്ങൾക്കിടയിലും തൻ്റെ നിലപാടിൽ ഉറച്ചുനിന്നതുകൊണ്ടും അവൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന് നമുക്കറിയാം. ഈ നിമിഷത്തിൽ അവളെ കൈയടിച്ച് പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്ത ശേഷം, അവൾ സഹിച്ചതും ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ മറന്നുപോകുകയോ അവഗണിക്കപ്പെടുകയോ ചെയ്താൽ അത് പൊറുക്കാനാവാത്തതാണ്.” ടി.എം. കൃഷ്ണ പറഞ്ഞു

ചിന്മയി ശ്രീപാദ ‘മുത്ത മഴൈ’ പാടുന്നത് കേട്ടതുമുതൽ, അതിന് ലഭിച്ച മികച്ച സ്വീകാര്യത ശ്രദ്ധിച്ചതുമുതൽ, അവരുടെ പ്രതികരണം വായിച്ചതുമുതൽ, തനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയിരുന്നുവെന്നും ടി.എം കൃഷ്ണ കൂട്ടിച്ചേർത്തു.

2018-ലാണ് ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സം​ഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സം​ഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രം​ഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.

വൈരമുത്തുവിനെതിരെയുള്ള ആരോപണത്തേത്തുടർന്ന് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ സിനിമയിൽ നിന്ന് വിലക്കുകയായിരുന്നു. അഞ്ചുവർഷമായി ഈ വിലക്ക് തുടരുകയാണ്.