
ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം കൂലിയുടെ ഫൈനൽ മിക്സിങ് പൂർത്തിയായെന്ന് അറിയിച്ച് സംവിധായകൻ ലോകേഷ് കനകരാജ്.
രജനികാന്തിന്റെ കണ്ണുകൾക്ക് മുന്നിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. മുൻപ് ഇറങ്ങിയ തന്റെ മൂന്ന് സിനിമകളുടെയും റിലീസിന് മുൻപ് ലോകേഷ് അനിരുദ്ധിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു
ഇത്തവണ അനിരുദ്ധിനൊപ്പം നാലാമത് സിനിമയാണെന്നും എപ്പോൾ ഒന്നിച്ചാലും അതൊരു കിടിലൻ പരിപാടി ആയിരിക്കുമെന്നും ലോകേഷ് കുറിച്ചു. വിക്രം, ലിയോ എന്നീ സിനിമകളുടെ റിലീസിന് മുൻപും ലോകേഷ് ഇതുപോലത്തെ ചിത്രം പങ്കുവെച്ചിരുന്നു.
അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 45 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കേ സിനിമയ്ക്ക് ലഭിക്കുന്ന ബുക്കിംഗിൽ 100 കോടി വരെ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലോകേഷിന്റെ ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടിയും കടന്ന് നേട്ടം കൊയ്തിരുന്നു. സമാനമായി കൂലിയും നേടുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ രജനി ചിത്രം ജയിലര്‍ ആണ്. 6 കോടിയാണ് സിനിമ നേടിയത്. ഈ വർഷം എമ്പുരാനു ശേഷം മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാൻ’ കേരളത്തിൽ നിന്നും വാരിയത്.
‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. തമിഴ്നാട്ടിൽ നിന്നു 10 കോടിയും കർണാടകയിൽ നിന്നും 3 കോടിയും ചിത്രം നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിൽ ഇതുവരെ സിനിമയുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല.
കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.