
നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെതിരേ സമന്‍സിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്‍ നല്കിയ അപകീര്‍ത്തി കേസിലാണ് കോടതി ഉത്തരവ്. തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ ലിസ്റ്റിൻ സ്റ്റീഫൻ പരാതി നൽകിയിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ കോടതി സമന്‍സിന് ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകനായ മുഹമ്മദ് സിയാദ് വഴിയാണ് ലിസ്റ്റിന് സ്റ്റീഫന്‍ കോടതിയെ സമീപിച്ചത്.
അപകീര്‍ത്തി കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന് നല്‍കിയിട്ടുള്ളത്.
പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖതാരത്തിനെതിരെ ലിസ്റ്റിന് പൊതുവേദിയില്‍ നടത്തിയ വിമര്‍ശനത്തിലാണ് സാന്ദ്രാ തോമസ് സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നതാണ് ഒരു പരാതി. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്കു വഴിവെട്ടാന് മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന് സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. ഇതിനെതിരേയാണ് ലിസ്റ്റിന് സ്റ്റീഫന്‍ കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ലിസ്റ്റിന് സ്റ്റീഫന്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഈ പരാതി സംബന്ധിച്ച വാര്‍ത്തക്ക് പിന്നാലെ ലിസ്റ്റിന് നാണമുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടേയെന്ന് പറഞ്ഞുകൊണ്ട് സാന്ദ്രാ തോമസ് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഈ പരാമര്‍ശത്തിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
ഫിലിം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനിലേക്ക് മത്സരിക്കാനിരുന്ന നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര ഹർജി നൽകിയ സാഹചര്യത്തിലാണ് ലിസ്റ്റിന്റെ പരാതി കോടതി അംഗീകരിച്ചിരിക്കുന്നത്.