തെലങ്കാനയില്‍ അല്ലു അര്‍ജുനെ അറസ്റ്റുചെയ്ത പോലെ, ബെംഗളൂരു ദുരന്തത്തില്‍ ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്യുമോ?; ബെം​ഗളൂരു ആൾക്കൂട്ടദുരന്തം, അല്ലു അർജുനെ ഓർമിപ്പിച്ച് ആരാധകർ

','

' ); } ?>

വീണ്ടും ചർച്ചയായി പുഷ്പ 2 ദി റൂളിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവും തുടര്‍ന്നുള്ള അല്ലു അര്‍ജുന്റെ അറസ്റ്റും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കന്നിക്കിരീടനേട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി നടന്ന തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. കപ്പുമായെത്തിയ വിരാട് കോലി അടക്കമുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി വലിയ രാഷ്ട്രീയവിവാദവുമുണ്ടായി. ഈ സാഹചര്യത്തിലാണ് വീണ്ടും അല്ലു അർജുന്റെ അറസ്റ്റ് ചർച്ചയാവുന്നത്.

ആര്‍സിബിയുടെ ആഘോഷപരിപാടിയില്‍ അപകടം നടന്ന അതേസമയത്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പങ്കെടുത്തിരുന്നു. പുറത്ത് അപകടം നടപ്പോള്‍ തീയേറ്ററിലിരുന്ന് സിനിമ കണ്ട അല്ലു അര്‍ജുനെ അറസ്റ്റുചെയ്തവര്‍, ബെംഗളൂരു ദുരന്തത്തില്‍ ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്യുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അല്ലു അര്‍ജുനെ രേവന്ത് റെഡ്ഡി അറസ്റ്റുചെയ്തതുപോലെ കോലിയെ കര്‍ണാടക സര്‍ക്കാര്‍ അറസ്റ്റുചെയ്യുമോ എന്നും ചോദ്യമുയരുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൈസിന്റെ പ്രദര്‍ശനത്തിനിടെ അപകടമുണ്ടായത്. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചു. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കുംതിരക്കുമുണ്ടായത്.

യുവതിയുടെ മരണം അറിഞ്ഞിട്ടും അല്ലു തീയേറ്ററില്‍ സിനിമ കണ്ടുവെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ അല്ലു അര്‍ജുനെതിരേ കേസെടുത്ത് അറസ്റ്റുചെയ്തു. അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നടന് ജാമ്യം ലഭിച്ചെങ്കിലും ഒരുരാത്രി അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. അല്ലു അര്‍ജുന്റെ അറസ്റ്റിനെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശക്തമായി ന്യായീകരിച്ചിരുന്നു.

ബെംഗളൂരു ദുരന്തത്തിന്റെ ഉത്തരവാദി ആര് എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് പഴയ അല്ലു അര്‍ജുന്റെ അറസ്റ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഭരണത്തിലുള്ളത്. തെലങ്കാനയില്‍ അല്ലു അര്‍ജുനെ അറസ്റ്റുചെയ്തപ്പോള്‍, കര്‍ണാടകയില്‍ ആരെയാണ് പഴിചാരാനും അറസ്റ്റുചെയ്യാനും പോവുന്നതുമെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്.