
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രമൊരു റൊമാന്റിക് കോമഡി പടം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ അരങ്ങേറ്റ ചിത്രമായിരിക്കുമിതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാനായിരിക്കും.
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നായികയുടെ കാര്യത്തിൽ വ്യക്തതയില്ല. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽനിന്ന് ബിരുദം നേടിയ വീർ ഹിരാനി നിലവിൽ ഒരു വെബ് സീരിസിൽ വേഷമിടുന്നുണ്ട്. രാജ്‌കുമാർ ഹിരാനി ആദ്യമായ സംവിധാനംചെയ്യുന്ന വെബ് സീരീസിന് ‘പ്രീതം പെഡ്രോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലായിരിക്കും സീരീസ് പുറത്തിറങ്ങുക.
ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ്. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വലിയ പ്ര്രതീക്ഷയിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് എല്ലായിടത്തും നേടിയത്.