ഖത്തര്‍ അമീറിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പു പറഞ്ഞ് തെന്നിന്ത്യന്‍ താരം ഖുശ്ബു. ലണ്ടനില്‍ അവധി ആഘോഷത്തിനെത്തിയ ഖുശ്ബു ഷോപ്പിങ്ങിനിടയില്‍ ഒരു കടയില്‍വെച്ച് ഫോണ്‍ കവറില്‍ കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ അത് അറബ് രാജ്യത്തെ ഒരു രാജാവിന്റെ ചിത്രമായിരുന്നു. ട്വീറ്റിന് പിന്നാലെ ഒരു ആരാധകനാണ് ഖുശ്ബിനെ അത് രജനികാന്തല്ലെന്ന് തിരുത്തിയത്.
‘നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..’ ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആരാധകന്‍ അതിലെ തെറ്റ് ചൂണ്ടിക്കാട്ടി റീട്വീറ്റ് ചെയ്തു.
‘ഇത് ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണ്. തമീം യുവര്‍ ഗ്ലോറി എന്നാണ് അറബിയില്‍ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവില്‍ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ആരാധകന്റെ ട്വീറ്റ് കണ്ട ഖുശ്ബു തനിക്ക് തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ് ഉടന്‍ ട്വീറ്റ് ചെയ്തു.
‘എന്നെ തിരുത്തിയതിന് നന്ദി.. ആളു മാറിപ്പോയതിന് ക്ഷമ ചോദിക്കുന്നു. ഇങ്ങനെയുള്ള തലമുടി കണ്ടാല്‍ തമിഴരായ നമ്മളില്‍ പലര്‍ക്കും അത് സൂപ്പര്‍സ്റ്റാറാണ്. ആ കടയിലെ ആളും അദ്ദേഹമാണെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം എന്നെ കളിയാക്കിയതായിരുന്നിരിക്കാം. ഓക്കെ.. അപ്പോള്‍ അത് നമ്മുടെ സൂപ്പര്‍സ്റ്റാറല്ല.. നന്ദി.. എന്റെ നല്ല സുഹൃത്തുക്കളെ.. ഒരുപാട് നന്ദി.. എനിക്കെന്റെ തെറ്റ് മനസ്സിലാക്കിത്തന്ന് എന്നെ തിരുത്തിയതിന്..ഇനിയും വളരാനുണ്ടെന്ന തിരിച്ചറിവാണ് തെറ്റ് മനസ്സിലാക്കി തിരുത്തുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..മനുഷ്യര്‍ അങ്ങനെയല്ലേ.. മനുഷ്യരാശിയേ അങ്ങനെയല്ലേ…’