
ക്യാംപിങ് പ്രമേയമായി ഒരുക്കിയ ബിബിൻ ജോർജ് ചിത്രം ‘കൂടലിന്” ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ക്യാംപിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ‘കൂടൽ’. ട്രാൻസ്ജെൻഡർ കഥാപാത്രം ചിത്രത്തിലുണ്ട് എന്നാരോപിച്ചാണ് ഈ വിലക്ക്. നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ മുഴുനീള അഭിനയ പ്രാധാന്യമുള്ള അഞ്ജു എന്ന വേഷമാണ് ട്രാൻസ്ജെൻഡറായ റിയ ചിത്രത്തിൽ ചെയ്തത്.
ഇടവേളയ്ക്കു ശേഷം കഥാഗതിയെ നയിക്കുന്നത് പോലും റിയയുടെ കഥാപാത്രമാണ്. ചിത്രത്തിലും ട്രാൻസ്ജെൻഡർ ആയി തന്നെ അഭിനയിക്കുന്ന റിയയുടെ കഥാപാത്രം ഒരു രീതിയിലും ഉള്ള വിമർശനങ്ങളെ നേരിടുന്ന രീതിയിലുള്ളതല്ല. അടുത്ത കാലങ്ങളിലായി റിലീസ് ചെയ്ത ബേസിൽ ജോസഫിന്റെ ‘മരണമാസ്’, വിനീത് ശ്രീനിവാസൻ അഭിനയിച്ച ‘ഒരു ജാതി ജാതകം’, ഷെയ്ൻ നിഗത്തിന്റെ ‘ലിറ്റിൽ ഹാർട്ട്സ്’ തുടങ്ങിയ ചിത്രങ്ങൾക്കും അറബ് രാജ്യങ്ങൾ ഇതേ കാരണത്താൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നടി അനു സിത്താരയുടെ അനുജത്തി അനു സോനാരയുടെ ആദ്യചിത്രം കൂടിയാണ് ‘കൂടൽ’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാംപിലേക്ക് എത്തപ്പെടുകയും അവിടെ വച്ചു നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജിതിൻ കെ വി. ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ. മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കഥ ഷാഫി എപ്പിക്കാട്. കോ- റൈറ്റേഴ്‌സ് റാഫി മങ്കട , യാസിർ പറത്താക്കാട്.എഡിറ്റർ ജർഷാജ് കൊമ്മേരി. പ്രൊജക്റ്റ് ഡിസൈനർ സന്തോഷ് കൈമൾ. ആർട് അസീസ് കരുവാരകുണ്ട്. സംഗീതം സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ് , പ്രസാദ് ചെമ്പ്രശ്ശേരി. ലിറിക്‌സ് ഷിബു പുലർകാഴ്ച, കെ കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ. സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്. ഗായകർ നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പാടപ്പ്, സജീർ കൊപ്പം,അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സാഹ്റ മറിയം,അനു തോമസ്.