
2025-ലെ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. തന്റെ മികച്ച ഫാഷൻ സെൻസുമായി ആദ്യമായി ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന ഫാഷൻ ഇവന്റിൽ, കറുത്ത സ്യൂട്ടിൽ സ്റ്റൈലിഷായി എത്തിയ ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ വർഷത്തെ മെറ്റ് ഗാല തീം ‘Superfine: Tailoring Black Style’ എന്നതായിരുന്നു. ഈ തീമിന് ആധാരമാക്കിയാണ് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജി ഷാരൂഖിന് രൂപകല്പന ചെയ്ത ധാരണീയവും ആകർഷകവുമായ വസ്ത്രങ്ങൾ ഒരുക്കിയത്. ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ നിർമ്മിച്ച, ജാപ്പനീസ് ഹോൺ ബട്ടണുകളും വീതിയേറിയ ലാപ്പലുകളും ഉള്ള ഫ്ലോർ-ലെങ്ത് കോട്ട് ഷാരൂഖ് ധരിച്ചിരുന്നത് ശ്രദ്ധേയമായി. പീക്ക് കോളറുള്ള, കൈകൊണ്ട് കാൻവാസ് ചെയ്ത സിംഗിൾ ബ്രെസ്റ്റഡ് കോട്ട്, കറുത്ത ക്രേപ്പ് ഡി ചൈൻ സിൽക്ക് ഷർട്ടും കമ്പിളിയിൽ ടൈലർ ചെയ്ത ട്രൗസറും കൂടിയായിരുന്നു ഔട്ട്ഫിറ്റ്.
18ക്യാരറ്റ് സ്വർണ്ണത്തിൽ നീലക്കല്ലുകളും വജ്രങ്ങളും ചേർത്ത് നിർമ്മിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും ഷാരൂഖിന്റെ കൈയിൽ ദീപമായി തിളങ്ങി. കൂടാതെ, ‘K’ എന്ന് എഴുത്തുള്ള വലിയ പെൻഡന്റ് മാലയും അദ്ദേഹത്തിന്റെ പേഴ്സണലൈസ്ഡ് സ്റ്റേറ്റ്മെന്‍റായി പ്രേക്ഷകരെ ആകർഷിച്ചു. ‘K’ എന്നാൽ ‘കിങ്ങ്’ എന്നന്നെന്നും ഷാരൂഖിന്റെ മാനേജർ പൂജ ദദ്‌ലാനി ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കിയതും ആരാധകരെ ആവേശപ്പെടുത്തി.
തന്റെ ഐകോണിക് സ്റ്റൈലിൽ ക്യാമറയ്ക്കു മുമ്പിൽ പോസ് ചെയ്യാനും ഷാരൂഖ് മറന്നില്ല. അദ്ദേഹത്തോടൊപ്പം ഈ വർഷത്തെ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച മറ്റൊരു ബോളിവുഡ് താരമായ ദിൽജിത് ദോസാഞ്ചും നടി കിയാര അദ്വാനിയും തന്റെ ഫാഷൻ സാന്നിധ്യത്തിലൂടെ ശ്രദ്ധ പിടിച്ചു . ഫാഷൻ ലോകത്തെ മുൻനിര ഡിസൈനർമാരായ മനീഷ് മൽഹോത്രയും സബ്യസാച്ചിയും ഇവന്റിൽ പങ്കെടുത്തതും വാർത്തയായിരുന്നു.