വിവാദമായ ടീസറും ട്രയ്‌ലറും പിൻവലിക്കാമെന്ന് ‘കേരള സ്റ്റോറി 2’ നിർമ്മാതാക്കൾ; ചിത്രം ഇന്ന് കോടതി കാണും

','

' ); } ?>

വിവാദമായ ‘കേരള സ്റ്റോറി 2’വിന്റെ ടീസറും ട്രയ്‌ലറും പിൻവലിക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ടീസർ പിൻവലിക്കാമോ എന്ന് ചോദിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം സിനിമ കണ്ട് വിലയിരുത്തും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് സിനിമ കാണുക. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സിനിമയിൽ എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹരിക്കരുതെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്. സിനിമ കണ്ടതിന് ശേഷമാകും ഹർജിയിൽ കോടതി വിധി പറയുക.

‘‘കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ കേരളം മുഴുവൻ അങ്ങനെയല്ലെന്നാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോ?’’ എന്നാണ് ഹർജിക്കാരുടെ വാദം ചൂണ്ടിക്കാട്ടി കോടതി സെൻസർ ബോർഡിനോട് ചോദിച്ചത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചതെന്ന നിർമാതാക്കളുടെ അവകാശവാദത്തെപ്പറ്റിയും കോടതി പരാമർശിച്ചു. സാധാരണ കാലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്രത്തിൽ ഇടപെടാറില്ലെന്നും എന്നാൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്ന് പറഞ്ഞ് ‘കേരളം’ എന്ന പേര് ഉപയോഗിക്കുമ്പോൾ അത് സംഘർഷത്തിന് ഇടയാക്കില്ലേ എന്നും കോടതി നിർമാതാക്കളോട് ചോദിച്ചു. എന്നാൽ, ഏതെങ്കിലും മത വിഭാഗത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി.

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.