സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കാര്‍ബണും ആമിയും പരിഗണിക്കേണ്ടെന്ന് മന്ത്രി

','

' ); } ?>

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും സംവിധായകന്‍ കമലിന്റെ ആമിയും വേണുവിന്റെ കാര്‍ബണും പിന്‍വലിക്കണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം. അക്കാദമിയുടെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി. വൈസ് ചെയര്‍പേഴ്‌സണായ ബീനാ പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ച സിനിമയാണ് കാര്‍ബണ്‍. ഇതോടെയാണ് ഇരു ചിത്രങ്ങളും പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്.

ചിത്രങ്ങള്‍ അവാര്‍ഡിനായി മത്സരിക്കണമെങ്കില്‍ രാജി വെക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി തന്നെ വ്യക്തമാക്കിയെന്നാണ് വിവരം. അക്കാദമി ഭാരവാഹികള്‍ സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട്, വ്യക്തിപരമായ അംഗീകാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നാണ് അക്കാദമിയുടെ നിയമാവലിയില്‍ പറയുന്നത്. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ സിനിമകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍. കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.