
കേരള ക്രൈം ഫയല്‍സ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ട് സീരിസിന്റെ അണിയറ പ്രവർത്തകർ. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാകും രണ്ടാം സീസണിൽ ഉണ്ടാവുക എന്നാണ് ട്രയ്ലർ സൂചിപ്പിക്കുന്നത്. സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീരിസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2023 ജൂണിലായിരുന്നു കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു ആദ്യ സീരീസിന്റെ പ്രമേയം. അജു വര്‍ഗീസും ലാലുമാണ് ആദ്യ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിച്ചത്.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ഡിഒപി – ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ – മഹേഷ് ഭുവനാനന്ദ് സംഗീതം – ഹേഷാം അബ്ദുൾ വഹാബ് പ്രൊഡക്ഷൻ ഡിസൈനർ – പ്രതാപ് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ