
പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താര ചാപ്റ്റർ 1 ന്റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായെത്തുന്നത്.
കന്നഡ സിനിമാ മേഖലയിൽ തന്നെ ചരിത്രം കുറിച്ച 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയിട്ടാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്.
310 കോടിയാണ് ചിത്രം കന്നഡയിൽ നിന്ന് മാത്രം നേടിയത്. ഒക്ടോബർ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും ഋഷഭ് ഷെട്ടി തന്നെയാണ്. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ബെർമെ എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കനകവതിയായി രുക്മിണി വസന്തുമെത്തുന്നു.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കാന്താര. ചിത്രം കന്നഡയില്‍ വന്‍ വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റുകയായിരുന്നു. പാന്‍ ഇന്ത്യന്‍ വിജയമായ ചിത്രം കേരളത്തിലും വലിയ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തി.
വന്‍ ബജറ്റിലാണ് ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ബജറ്റ് 150 കോടിയാണ്. കാന്താരയിലേക്ക് എത്തുന്നതിന് മുമ്പുള്ള കഥയാകും ചാപ്റ്റര്‍ 1 പറയുക. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അണിയറപ്രവർത്തകർ മരിച്ചതും വലിയ വാർത്തയായി മാറിയിരുന്നു. ആദ്യ ഭാഗം പോലെ തന്നെ റെക്കോഡുകളെല്ലാം രണ്ടാം ഭാഗം തകർക്കുമെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.