“‘കാന്താര 2’ന് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല”; ചർച്ചകൾ നടക്കുകയാണെന്ന് ഫിയോക്ക്

','

' ); } ?>

‘കാന്താര 2’ന് കേരളത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്). ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം ഫിയോക്ക് എടുത്തിട്ടില്ലെന്നും, ചിത്രത്തിന്റെ ആദ്യ രണ്ട് ആഴ്ചത്തെ കളക്ഷനില്‍ 55% വിഹിതം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും, ഫിയോക്ക് എക്‌സിക്യൂട്ടീവ് അംഗം ബോബി പറഞ്ഞു. പ്രദര്‍ശനാനുമതി നിഷേധിക്കുകയാണെങ്കില്‍ ജനറല്‍ബോഡിയടക്കം കൂടിയതിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും ഫിയോക്ക് വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു പ്രതിനിധികൾ.

നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നല്‍കിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തില്‍ വിതരണക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച നടക്കുകയാണ്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഒക്ടോബര്‍ 2-നാണ് ചിത്രത്തിന്റെ റിലീസ്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര’ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ വണ്ണിന്റേയും നിര്‍മാതാക്കള്‍.