സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്‌ലാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ സുതാര്യമായ വസ്ത്രം നല്‍കുകയും അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഹലജ് നിഹ്‌ലാനി നിര്‍ബന്ധിച്ചിരുന്നതായും താരം ആരോപിച്ചു. സിറ്റ് വിത്ത് ഹിറ്റ് ലിസ്റ്റ് എന്ന് ചാറ്റ് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
പഹലജ് സംവിധാനം ചെയ്ത ഐ ലവ് യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവം. സിനിമയില്‍ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ അന്നൊക്കെ വീട്ടുതടങ്കലിലായ പോലെയായിരുന്നു. ആ സമയത്താണ് പഹലജ് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിളിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു.
ഫോട്ടോഷൂട്ടില്‍ ധരിക്കുന്നതിനായി ശരീരം മുഴുവന്‍ കാണത്തക്ക തരത്തിലുള്ള വസ്ത്രമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത്. ചിത്രത്തില്‍ മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയതിന് ശേഷം മൊബൈല്‍ നമ്പര്‍ മാറ്റി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു.