
നാല് വയസ്സിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ബാലതാരം ട്രീഷ തൊസാറിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ.
ആശംസകൾ അറിയിക്കാൻ വീഡിയോ കോൾ ചെയ്ത കമൽഹാസൻ തനിക്ക് പുരസ്കാരം ലഭിച്ചത് ആറാം വയസ്സിലാണെന്നും നാലാം വയസ്സിൽ ദേശീയപുരസ്കാരം നേടി, നീ എന്റെ എൻ്റെ റെക്കോർഡ് തകർത്തുവെന്നും പറഞ്ഞു. കൂടാതെ നാം ഇരുവരും വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ ജീവിതം ആരംഭിച്ച സിനിമയുടെ കുട്ടികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കമൽഹാസൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെയും ട്രീഷയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ‘പ്രിയ ട്രീഷാ, എൻ്റെ ഉച്ചത്തിലുള്ള കരഘോഷം നിനക്കിരിക്കട്ടെ. എൻ്റെ റെക്കോർഡ് നീ തകർത്തു, കാരണം എനിക്ക് ആദ്യമായി അവാർഡ് ലഭിക്കുമ്പോൾ ആറ് വയസ്സായിരുന്നു. മുന്നോട്ട് പോവുക മാഡം. നിന്റെ അവിശ്വസനീയമായ കഴിവ് ഇനിയും പ്രകടിപ്പിക്കുക. നിന്റെ മാതാപിതാക്കൾക്ക് എൻ്റെ അഭിനന്ദനം.” കമൽ ഹാസൻ കുറിച്ചു.
‘‘ഒരു ബാലപ്രതിഭയിൽ നിന്ന് മറ്റൊരു ബാലപ്രതിഭയിലേക്ക്. ട്രീഷ തൊസാറിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചതിൽ കമൽഹാസൻ സർ നേരിട്ട് അഭിനന്ദിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമയ്ക്കു ഇതൊരു അവിസ്മരണീയ നിമിഷമാണ്. കമൽഹാസൻ സാറിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് ആറാം വയസ്സിലാണ്, എന്നാൽ ട്രീഷ തൊസാറിന് നാലാം വയസ്സിൽ അത് നേടാൻ കഴിഞ്ഞു, അഭിനന്ദനങ്ങൾ. ട്രീഷ നിങ്ങൾ ഇതിനകം രാജ്യത്തിന് തന്നെ അഭിമാനമായി കഴിഞ്ഞു.’’– കമൽഹാസന്റെ ടീം വിഡിയോ പങ്കുവച്ച് കുറിച്ചു.
സുധാകർ റെഡ്ഡി യാക്കാന്തിയുടെ മറാഠി ചിത്രമായ ‘നാൾ-2’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ട്രീഷ തൊസാറിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ചാണ് താരനിബിഡമായ ദേശീയ ചലച്ചിത്ര പുരസ്ക്കാര സമർപ്പണം നടന്നത്.