“തഗ് ലൈഫിന്റെ” കർണാടകയിലെ പ്രദർശനത്തിന് അനുമതി തേടി കമൽഹാസൻ ഹൈക്കോടതിയിൽ

','

' ); } ?>

മണിരത്നം-കമൽഹാസൻ ചിത്രം “തഗ് ലൈഫിന്റെ” കർണാടകയിലെ പ്രദർശനത്തിന് അനുമതി തേടി നടൻ കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികൾക്കുമിടയിലാണ് താരം കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 5-നാണ് മണിരത്നം സംവിധാനംചെയ്യുന്ന ത​ഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ കർണാടകയിലെ റിലീസിലെ തടസങ്ങൾ ഒഴിവാക്കാൻ കമൽഹാസൻ നിയമപരമായ ഇടപെടൽ തേടിയിരിക്കുന്നത്.

കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖേനയാണ് താരം ഹർജി സമർപ്പിച്ചത്. സിനിമയുടെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കർണാടക സംസ്ഥാന സർക്കാരിനും, പോലീസിനും, സിനിമാ വ്യാപാര സംഘടനകൾക്കും നിർദ്ദേശം നൽകണമെന്നാണ് കമൽഹാസൻ ഹർജിയിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. പ്രദർശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഡയറക്ടർ ജനറൽ ഓഫ് പോലീസിനും സിറ്റി പോലീസ് കമ്മീഷണർക്കും നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മെയ് 24-ന് ചെന്നൈയിൽ നടന്ന ‘തഗ് ലൈഫിന്റെ’ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ, “കന്നഡ തമിഴിൽ നിന്ന് ജനിച്ചതാണ്” എന്ന് കമൽഹാസൻ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്. സംസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് ബലം കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് തടഞ്ഞിരുന്നു. കമൽഹാസൻ പരസ്യമായി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കമൽഹാസൻ തള്ളിക്കളഞ്ഞു. താൻ തെറ്റുകാരനാണെങ്കിൽ മാത്രമേ മാപ്പ് പറയുകയുള്ളൂവെന്നും, നിലവിലെ വിവാദത്തിൽ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മുമ്പും ഭീഷണിയുണ്ടായിട്ടുണ്ട്. തെറ്റുകാരനാണെങ്കിൽ മാപ്പ് പറയും. അല്ലെങ്കിൽ പറയില്ല. ഇതാണ് തന്റെ ജീവിതരീതി, അതിൽ ഇടപെടരുതെന്നും കമൽ പ്രതികരിച്ചിരുന്നു.