
ഈയ്യടുത്ത് കണ്ടതില്‍ ഏറ്റവും മോശം സിനിമ “പരം സുന്ദരിയാണെന്നും“, കേരളത്തിന്റെ സംസ്കാരത്തേയും നാടിനേയും കളിയാക്കുന്നതായിരുന്നു ചിത്രമെന്നും തുറന്നു പറഞ്ഞ് നടൻ കാളിദാസ് ജയറാം. തമിഴ് യൂട്യൂബ് ചാനലായ ഇര്‍ഫാന്‍സ് വ്യുവിന് നല്കിയ അഭിമുഖത്തിലാണ് കാളിദാസ് ഈ കാര്യം തുറന്നു പറഞ്ഞത്. ജയറാമും കാളിദാസും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തിയ ആശകള്‍ ആയിരത്തിന്റെ റിലീസിന് മുമ്പായി നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണിത്.
‘ഈയ്യടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനേയും സംസ്കാരത്തേയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.” കാളിദാസ് ജയറാം പറഞ്ഞു.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ കഥ നടക്കുന്നത് കേരളത്തിലാണ്. മലയാളി പെണ്കുട്ടിയായിട്ടാണ് ജാന്‍വി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കേരളത്തെ അവതരിപ്പിച്ച രീതിയും ജാന്‍വിയുടെ മലയാളവുമൊക്കെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.