
‘കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട വാടാനപ്പള്ളി സ്വദേശിയായ മിമിക്രി കലാകാരൻ നിജുവിന്റെ കുടുംബത്തിന് സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. നിജുവിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ സുരേഷ് ഗോപി ഒരു ലക്ഷം രൂപ നൽകിയെന്നും, നിജുവിൻ്റെ മരണസർട്ടിഫിക്കറ്റ് ലഭിക്കാനായി ഷിമോഗ സർക്കാരുമായി പോലും സുരേഷ്ഗോപി ഇടപെടലുകൾ നടത്തിയെന്നും ഷാജോൺ പറഞ്ഞു. മഴവിൽ മനോരമയുടെ പിക്‌ചർ പെർഫക്‌ട് എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സുരേഷട്ടനെ പോലെ ഇത്രയധികം മനുഷ്യത്വം ഉള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഈ അടുത്ത് ഒരു മിമിക്രി കലാകാരൻ ‘കാന്താര’ എന്ന സിനിമയുടെ ഷൂട്ടിനിടെ മരണപ്പെട്ടിരുന്നു. നിജു എന്നാണ് അദ്ദേഹത്തിന്റെ പേര്, വാടാനപ്പള്ളി സ്വദേശിയാണ്. ഞാൻ മിമിക്രി അസോസിയേഷൻ്റെ സെക്രട്ടറിയാണ്, സുരേഷേട്ടൻ ഞങ്ങളുടെ രക്ഷാധികാരിയാണ്. ഞാൻ സുരേഷേട്ടനെ വിളിച്ചു പറഞ്ഞു, “ചേട്ടാ 1 നിജു മരണപ്പെട്ടു അദ്ദേഹത്തിൻ്റെ കുടുംബം ബുദ്ധിമുട്ടിലാണ്, രണ്ടു പെൺകുട്ടികളുണ്ട് പഠിക്കുകയാണ്, നമുക്ക് എന്തെങ്കിലും സാമ്പത്തികമായി ചെയ്യണമെന്നുണ്ട്. അദ്ദേഹം ചോദിച്ചു എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?” ഞാൻ പറഞ്ഞു ഒരു ലക്ഷം രൂപ എങ്കിലും അസോസിയേഷനിൽ നിന്ന് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പറഞ്ഞു, ‘അസോസിയേഷനിൽ നിന്ന് കൊടുക്കണ്ട, ഞാൻ കൊടുത്തോളാം. അങ്ങനെ സുരേഷേട്ടൻ ഒരു ലക്ഷം രൂപ തന്നു.” കലാഭവൻ ഷാജോൺ പറഞ്ഞു.
“നിജു മരണപ്പെട്ടത് ഷിമോഗയിൽ വെച്ചായിരുന്നു. മരണസർട്ടിഫിക്കറ്റ് ഒന്നും കിട്ടാത്തത് കൊണ്ട് ആനുകൂല്യങ്ങൾ ഒന്നും അവർക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഞാനാ കാര്യം പറഞ്ഞ് സുരേഷേട്ടന് ഒരു മെസ്സേജ് അയച്ചിരുന്നു. ‘അത് ഞാൻ വിളിച്ച് ഏർപ്പാടാക്കിയിട്ടുണ്ട്, എത്രയും പെട്ടെന്ന് അത് റെഡി ആകും. എന്നായിരുന്നു സുരേഷേട്ടന്റെ മറുപടി. എത്രയോ തിരക്കിൽ നിൽക്കുന്ന ആളാണ് അദ്ദേഹം. എന്നിട്ടും എൻ്റെ ഒരു മെസ്സേജ് കണ്ടിട്ട് അതിന്റെ പിറകേ നിൽക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസവും അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു, ‘ഷാജോൺ ഞാൻ ഋഷഭിനോട് സംസാരിച്ചു, ഷിമോഗ എം പിയോട് സംസാരിച്ചു അത് എത്രയും പെട്ടെന്ന് ശരിയാകും കേട്ടോ.’ നമ്മുടെ സ്വന്തം ചേട്ടനെപ്പോലെ കൂടെ നിർത്തുന്ന ആളാണ് സുരേഷ് ഗോപി.”കലാഭവൻ ഷാജോൺ കൂട്ടിച്ചേർത്തു.