കക്ഷി: അമ്മിണിപ്പിള്ള ഒരാളല്ല…!

','

' ); } ?>

സാമൂഹ്യ പ്രസക്തിയുള്ള വിഷയം അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ നര്‍മ്മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നില്‍ നല്ല സന്ദേശമായി കൂടെ അനുഭവപ്പെടുത്തുകയാണ് കക്ഷി അമ്മിണിപ്പിള്ള. സിനിമയെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ ചിത്രം കാണാനുള്ളവരോട് ചെയ്യുന്ന പാതകമായിരുക്കുമെന്നതിനാല്‍ അതിന് മുതിരുന്നില്ല.

ചില കാര്യങ്ങളങ്ങനെയാണ്..! വളരെ ലളിതമെന്നും യുക്തിയില്ലാത്തതെന്നും തോന്നും, പക്ഷേ അത് അനുഭവിക്കുന്നവന്റെയുള്ളിലെ മാനസ്സികാവസ്ഥയോട് ചേര്‍ന്ന് ചിന്തിയ്ക്കുമ്പോഴാണ് ഗൗരവമുള്ളതാകുന്നത്. കാണുന്നവര്‍ക്ക് തമാശയായി തോന്നുമ്പോള്‍ തന്നെ അതിലൂടെ ശക്തമായ രാഷ്ട്രീയം പറയാനാകും എന്ന് തെളിയിക്കുകയാണ് കക്ഷി അമ്മിണിപ്പിള്ള. അറേഞ്ച്ഡ് മാരേജിലെ ഏച്ചുകെട്ടലുകളും മുഴച്ചുനില്‍ക്കലുകളും എത്രമാത്രം ഗൗരവമുള്ളതാണെന്ന് കോമഡിയുടെ ട്രാക്കില്‍ തന്നെ പറഞ്ഞ് തിയേറ്ററിലോളം തീര്‍ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

കൂട്ടിലടച്ച കിളിയെ പോലെ മക്കളെ വളര്‍ത്തുന്നവര്‍ കാണേണ്ടുന്ന ചിത്രം കൂടെയാണ് കക്ഷി: അമ്മിണിപ്പിള്ള. യാതൊരു പാകപിഴകളോ സാഹസങ്ങളോ ഇല്ലാതെ തലശ്ശേരിയിലെ സാധാരണ ജീവിതങ്ങളിലൂടെ കഥ അതേ ഒഴുക്കോടെ പറഞ്ഞപ്പോള്‍ ചിത്രത്തിലെ വൈകാരിക രംഗങ്ങളെല്ലാം തന്നെ ശരിയ്ക്കും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറ്റമറ്റ തിരക്കഥയൊരുക്കിയത് സനിലേഷ് ശിവനാണ്. അതിന്റെ സ്വാഭാവികത ചോര്‍ന്നു പോകാതെയുള്ള ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാന മികവും ചിത്രത്തിന് മാറ്റ് കൂട്ടുകയാണ്.

അമ്മിണിപ്പിള്ളയായി വേഷമിട്ട അഹമ്മദ് സിദ്ദിഖിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി ചിത്രം അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ല. അഹമ്മദിനൊപ്പം തന്നെ സ്വാഭാവിക അഭിനയവുമായി നിറഞ്ഞു നിന്ന ആസിഫ് അലിയെ പോലെ തന്നെ കാസ്റ്റിംഗും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. അമ്മിണിപ്പിള്ളയുടെ ഭാര്യയായി വേഷമിട്ട ഷിബില, നിര്‍മ്മല്‍ പാലാഴി, ബേസില്‍ എന്നിവരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഓരോ കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവരാനുള്ള വിജയരാഘവന്‍ എന്ന നടന്റെ ശ്രമവും എടുത്തുപറയേണ്ടുന്ന ഒന്നാണ്. ചിത്രത്തിലെ തമാശകളും, തലശ്ശേരി സംഭാഷണത്തിന്റെ വഴക്കവുമെല്ലാം തലശ്ശേരി ഭക്ഷണം പോലെ തന്നെ ചിത്രത്തില്‍ ആസ്വാദ്യകരമാണ്.

കഥയ്ക്ക് വേണ്ടി കഥ മെനയാതെ, ദൃശ്യങ്ങള്‍ക്ക് വേണ്ടി ദൃശ്യങ്ങളുണ്ടാക്കാതെ സ്വാഭാവിക പരിസരത്തുനിന്ന് ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം മനോഹരമായി തന്നെ പറഞ്ഞതാണ് ചിത്രത്തിന്റെ വിജയം. ബാഹുല്‍ രമേശിന്റെ ഛായാഗ്രഹണം, എബി സാം, അരുണ്‍ മുരളീധരന്‍ എന്നിവരുടെ സംഗീതം എന്നിവയും ചിത്രത്തില്‍ നന്നായിട്ടുണ്ട്. പരസ്പരം തിരിച്ചറിഞ്ഞാല്‍ അഞ്ചല്ല അഞ്ഞൂറു വര്‍ഷം ഒരുമിച്ച് ജീവിക്കാം എന്നോര്‍മ്മപ്പെടുത്തുന്ന ചിത്രം വാണിജ്യചിത്രങ്ങള്‍ക്കിടയില്‍ മുങ്ങിപോകരുത്.