
‘കൈതി 2’ ചിത്രീകരണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ച് നിർമാതാവ് എസ് ആർ പ്രഭു. ‘കൈതി 2 ന്റെ വർക്കുകൾ ഒരു മാസം മുന്നേ ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും,’ എന്നാണ് എസ് ആർ പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സംവിധായകൻ തമിഴ് ഒരുക്കുന്ന കാർത്തി ചിത്രത്തിന് ശേഷമായിരിക്കും കൈതി 2 ചിത്രീകരണം ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ‘മെയ്യഴകൻ’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് കൈതി 2 ഒരുങ്ങുന്നതായി കാർത്തി പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയിൽ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതും ഈ ചിത്രത്തിന് മേൽ ഹൈപ്പ് കൂട്ടുന്ന കാരണങ്ങളിൽ ഒന്നാണ്.
തമിഴ് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കൈതി 2’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.