പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്.
മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയറ്ററുകളില്‍ വന്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘2018 . റിലീസ് ചെയ്ത് ഒന്‍പതാം ദിനത്തില്‍ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളില്‍ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോള്‍ അവര്‍ ഒറ്റ ശ്വാസത്തില്‍ വിളിച്ച് പറയുന്നുണ്ട്, ഇത് കേരളീയരുടെ വിജയമാണെന്ന്.