
വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ ജൂലായ് 17-ന് തിയേറ്ററുകളിലെത്തും. നേരത്തെ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യു/എ 16+ സര്‍ട്ടിഫിക്കറ്റോട് കൂടിയ സെൻസർ ചെയ്ത പുതിയ പതിപ്പായിരിക്കും തീയേറ്ററുകളിലെത്തുക.
വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച പ്രദര്‍ശനാനുമതി നല്‍കിയത്.
സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് രംഗത്തെത്തി. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എൻ നഗരേഷും എത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സെൻസർ ബോർഡ് പേരിലെ മാറ്റം ആവശ്യപ്പെടുകയായിരുന്നു.