ജെഎസ്കെ വിവാദം; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

','

' ); } ?>

ജെഎസ്കെ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർമാതാക്കൾ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തീർപ്പാക്കി. വിഷയത്തിൽ പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിർമാതാക്കൾ കോടതിയെ അറിയിച്ചു.
നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എന്‍ നഗരേഷാണ് പരിഗണിച്ചത്.

സിനിമ ജൂലൈ 17ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ടീസറുകളിലും പരസ്യങ്ങളിലുമുള്ള പഴയ പേര് ഇനി നിയമ പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറക്കരുതെന്നും അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൻ്റെ ട്രെയ്‌ലർ ട്രെന്‍റിങ് ലിസ്റ്റില്‍ ഇടംനേടി കഴിഞ്ഞു. ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങൾ ചെയ്യുന്നത്. ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.