
മലയാളത്തിലെ ഹിറ്റ്മേക്കർ സംവിധായകൻ ജോഷിയും യുവതാരം ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ജോഷിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പങ്കുവെച്ചത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ഉണ്ണി മുകുന്ദൻ ഫാൻസിൽ വലിയ ആവേശമാണ് കാണുന്നത്. മലയാളത്തിലെ ആക്ഷൻ സിനിമകളുടെ നിലവാരം ഉയർത്തുന്ന രീതിയിലായിരിക്കും സിനിമയുടെ കാഴ്ചപ്പാട് എന്നാണ് പ്രൊഡക്ഷൻ ടീമിന്റെ പ്രഖ്യാപനം. ഉണ്ണി മുകുന്ദനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ എഴുതുന്ന തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
അതേസമയം, ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിലത്തെ തിയേറ്റർ റിലീസ് ചിത്രമായ മാർക്കോ വലിയ വിജയം നേടിയിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ അദ്ദേഹം ഏറെ വിവാദം സൃഷ്ടിച്ച രീതിയിലുള്ള ആക്ഷൻ പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടി മലയാള സിനിമയുടെ റെക്കോർഡുകൾ മറികടന്ന ചിത്രം, ഹിന്ദിയിലും മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.