സനല്‍ കുമാര്‍ ശശിധരന്റെ ചോല തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. നിമിഷാ സജയന്, ജോജു ജോര്‍ജ്, പുതുമുഖം അഖില്‍ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോള്‍ ജോജുവിനെ കുറിച്ചുള്ള സനല്‍ കുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ചോല ഇത്ര വിപുലമായ രീതിയില്‍ തിയേറ്ററുകളില്‍ എത്തുന്നതിന് ഒരു കാരണമേയുള്ളൂവെന്നും അത് ജോജുവാണെന്നും സംവിധായകന് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സനല്‍ കുമാര്‍ ശശിധരന് ജോജുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
‘ആഡംഭരപൂര്‍ണമായ ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടികൂറ പിടിക്കാന്‍ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് ജോജു ജോര്‍ജ് എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം. ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതന്നെ. വേണമെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ കരയില്‍ നിന്ന് അതിന്റെ വന്യസൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കില്‍ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോള്‍ ഇത്ര വിപുലമായ രീതിയില്‍ തിയേറ്ററില്‍ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോര്‍ജ്ജ് എന്ന ജീവിതത്തിലെ ഹീറോയാണ്, സനല്‍ കുമാര്‍ പറയുന്നു.
ചോലയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ജോജു തന്നോട് ചോദിച്ചത്.. സിനിമ കഴിഞ്ഞോ, നമ്മളൊന്നും ചെയ്ത് തീര്‍ത്തതായി തോന്നിയില്ലല്ലോ.. എന്നാണ്.. എഡിറ്റ് ചെയ്ത് ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ ജോജുവിന്റെ മുഖം വിടരുന്നത് താന്‍ കണ്ടു. ഷൂട്ട് കഴിയുമ്പോള്‍ ഒരു സിനിമ എങ്ങനെ വരും എന്ന് തനിക്കുള്ള ധാരണ എഡിറ്റ് കഴിയുമ്പോള്‍ ഇത്രയും മാറ്റിമറിച്ച ഒരു സിനിമ ഇല്ല എന്ന് തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ജോജു പറഞ്ഞു. വന്‍ പൊളിയാണ് സനലേട്ടാ.. ഇത് നമ്മള് തിയേറ്ററില്‍ പൊളിക്കും.. ഇത് ഹിറ്റാവും.. ജോജു അന്നത് പറഞ്ഞപ്പോള്‍ വെറുതെ ആ സമയത്തെ ആവേശത്തിനു പറഞ്ഞതാണെന്നായിരുന്നു താന്‍ കരുതിയതെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ഡീസ്ട്രിബ്യൂഷന്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഒരു പ്രിവ്യൂ കാണുമ്പോള്‍ ജോജുവിനൊപ്പം വലിയ പെരുന്നാളിന്റെ ഡയറക്ടര്‍ ഡിമല്‍ ഡെന്നിസ്, ഷോബിസ് സ്റ്റുഡിയോസിന്റെ സൂരജ് സുരേന്ദ്രന്, കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമകളുടെ എഡിറ്റര്‍ വിവേക് ഹര്ഷന് എന്നിവര്‍ കൂടിയുണ്ടായിരുന്നു. (ഡിമലിന്റെ സജഷനായിരുന്നു തമിഴ് റീമേക്കും കാര്‍ത്തിക് സുബരാജിനെ സിനിമ കാണിക്കാനുള്ള നീക്കവും. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ കാര്‍ത്തിക് സുബ്ബരാജ് തന്ന കൈ തമിഴില്‍ അല്ലി എന്ന പേരില്‍ ചോല വരാന്‍ കാരണമായി. ഡിമലിനെയും സുരാജിനെയും വിവേകിനെയും ഡോണ്‍ മാക്സിനെയും സ്റ്റോണ്‍ ബെഞ്ചിലെ ശ്രീനിവാസന് എളന്ഗോവനെയുമൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതു തന്നെ ചോല എന്ന സിനിമ എനിക്ക് തന്ന ഭാഗ്യമായി ഞാന്‍ കരുതുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ഒരു ചെറിയ സ്ക്രീനില്‍ കണ്ടിറങ്ങിയ ഉടന്‍ ഡിമലും വിവേകും ഉറപ്പിച്ചു പറഞ്ഞു ഈ സിനിമ തിയേറ്ററില്‍ വരണം. വലിയ രീതിയില്‍ വരണം. നമ്മള് പൊളിക്കും ജോജു പറഞ്ഞു. ജോജുവിന് സിനിമയിലും സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിലുമുള്ള വിശ്വാസമാണ്. ആ നമ്മള് പൊളിക്കും എന്ന് ഏതാണ്ട് ഒരുവര്‍ഷം മുന്‍പ് പറഞ്ഞ വാക്ക് ഇന്ന് ജോജു ചെയ്ത് കാണിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്. സുഖലോലുപതക്കായി തലങ്ങും വിലങ്ങും പണം വാരിയെറിയാന്‍ മടിക്കാത്ത, എന്നാല്‍ ഒരു നല്ല സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാന്‍ നൂറുതവണ ആലോചിക്കുന്ന ഒരുപാട് യഥാര്‍ത്ഥ സിനിമാ സ്നേഹികളെ കണ്ടിട്ടുള്ള എനിക്ക് ഇതു വിളിച്ചു പറയാന്‍ യാതൊരു മടിയുമില്ല. ഇത് ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം തന്നെ!, സനല്‍ കുമാര്‍ പറയുന്നു.