
“ചുരുളി” സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും കിട്ടിയില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ജോജു ജോർജ്. തെറി ഇല്ലാത്ത വേർഷനും സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘തെറി പ്രയോഗങ്ങൾ ഉൾപ്പെടുന്ന പതിപ്പാണ് തിയേറ്ററിൽ റീലിസ് ചെയ്യുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. പിന്നെ എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല അഭിനയിച്ചതിന്. അത് ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാര്യം ഞാൻ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിന്നെ അതിന്‍റെ പേരിൽ കേസ് വന്നു എനിക്ക്. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും ഒന്നും വിളിച്ച് ചോദിച്ചിട്ടില്ല, ഒരു മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ്, പക്ഷെ ഞാൻ പറഞ്ഞപ്പോൾ പ്രശ്നമായി. തെറി പറഞ്ഞുകൊണ്ടുള്ള ആ വേര്‍ഷന്‍ ഫെസ്റ്റിവലിന് മാത്രമേ പോകൂ എന്ന് പറഞ്ഞിരുന്നു.
അന്നത്തെ ചിന്തയിൽ ഇത് അവിടെ മാത്രം നിൽക്കും എന്നായിരുന്നു. പക്ഷെ ഇത് പബ്ലിക് ആയി വരും എന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് കാര്യമില്ല. അത് അങ്ങനെ സംഭവിച്ചു പോയി. ചുരുളിയിൽ തെറി പറയുന്ന വേഷം അവാർഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് അഭിനയിച്ചതാണ് ഞാൻ. പക്ഷെ അവർ അത് റിലീസ് ചെയ്തു. ഇപ്പോൾ ഞാൻ ആണ് അത് ചുമന്നു കൊണ്ട് നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്ത വേർഷനും ഉണ്ട്,’ ജോജു ജോർജ് പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2021 ൽ റിലീസ് ചെയ്ത ചിത്രമാണ് ചുരുളി. സിനിമയുടെ റിലീസിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ തെറി പ്രയോഗങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായിരുന്നത്. ഇതിൽ ഏറ്റവും കൂടുതലായി വിമര്‍ശനം വന്നതും, അതേസമയം പിന്നീട് ഏറെ ചര്‍ച്ചയായതും ജോജു ജോർജിന്റെ സീനുകൾ ആയിരുന്നു. അതേസമയം, ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലാണ് ജോജു ഒടുവിലായി സ്‌ക്രീനിലെത്തിയത്. ഇരു സിനിമകളും സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ജോജുവിന്‍റെ പ്രകടനം ഏറെ കയ്യടകള്‍ നേടിയിരുന്നു.