സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020 ലെ ചലച്ചിത്ര – സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധാനത്തിന് ജിയോ ബേബി നേടി. 25000 രൂപയാണ് സമ്മാനത്തുക.സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഹാസ്യം എന്ന ചിത്രയുടെ തിരക്കഥയ്ക്ക് ജയരാജ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. 15000 രൂപയുടേതാണ് പുരസ്‌കാരം. മനോജ് കുറൂരാണ് മികച്ച നോവലിസ്റ്റ്. മുറിനാവ് എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 20000 രൂപയാണ് പുരസ്‌കാരം. കെ രേഖയുടെ അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയാണ് സമ്മാനം. കെസി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.പി പത്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കും.
ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ജനുവരി 15ന് മലയാളം ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയില്‍ എത്തുന്ന യുവസംവിധായകരില്‍ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മഹത്തായ ഭാരതീയ അടുക്കള).
ഒരു പഴയ നായര്‍ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാന്‍ സാധിക്കാതെ വരുന്നതും, അതെ തുടര്‍ന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചലച്ചിത്രം കൂടിയാണിത്