
മമ്മൂട്ടി ചിത്രം ‘കാതൽ ദ കോർ’ന്റെ പേരിൽ തന്റെ മകൻ പരിഹാസം നേരിടുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ജിയോ ബേബി. “കുട്ടികളുടെ വികാസം ലക്ഷ്യമിട്ട് പുതിയ സിലബസ് പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും” ജിയോ ബേബി പറഞ്ഞു.
“2023ൽ റിലീസ് ആയ ‘കാതൽ’ എന്ന സിനിമ എടുത്ത ഒരാളുടെ മകൻ എന്ന നിലയിൽ എന്റെ മകൻ ഭയങ്കരമായി ആക്രമിക്കപ്പെടുന്നു. അതായത്, അവൻ ബുള്ളി ചെയ്യപ്പെടുന്നു. എല്ലാ സ്ഥലത്തും. അവൻ പഠിക്കുന്നത് ഒരു എയ്ഡഡ് സ്കൂളിലാണ്. താമസിക്കുന്നത് എറണാകുളം സിറ്റിക്കുള്ളിൽ ഉയർന്ന സാമ്പത്തിക നിലയിലുള്ളവർ താമസിക്കുന്നിടത്താണ്. ഈ രണ്ട് സ്ഥലത്തും ഇത് സംഭവിക്കുന്നു.” ജിയോ ബേബി പറഞ്ഞു.
ഹോമോസെക്ഷ്വൽ അവസ്ഥയുടെ കഥ പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. മാത്യു ദേവസി എന്ന റിട്ടയേഡ് സഹകരണ ബാങ്ക് ജീവനക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മാത്യു മത്സരിക്കുന്നതും അയാളുടെ ക്വീർ ഐഡന്റിറ്റി ഒരു പ്രചാരണ ആയുധമായി മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചലച്ചിത്ര അവാർഡുകളിലും മേളകളിലും തിളങ്ങിയ ചിത്രം ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് രചിച്ചത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു സിനിമയുടെ പ്രീമിയർ. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ‘കാതല്‍’ പ്രദര്‍ശിപ്പിച്ചിരുന്നു.