“മിറാഷ് വർക്ക് ആകാത്തതിന് കാരണം ഞാൻ, സിനിമയിലെ സസ്പെൻസുകൾ പ്രെഡിക്റ്റബിൾ ആയിരുന്നു എന്ന് ചിലർ പറഞ്ഞു”; ജീത്തു ജോസഫ്

','

' ); } ?>

ആസിഫ് അലി ചിത്രം മിറാഷ് വർക്ക് ആകാത്തതിന് കാരണം താനായിരിക്കുമെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. തന്റെ സിനിമയ്ക്ക് പ്രേക്ഷകർക്ക് എന്നും വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും, സിനിമയിലെ സസ്പെൻസുകൾ പ്രെഡിക്റ്റബിൾ ആയിരുന്നു എന്ന് ചിലർ പറഞ്ഞുവെന്നും ജീത്തു ജോസഫ് പറഞ്ഞു. സ്‌ക്രീനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിറാഷ് വർക്ക് ആകാത്തതിന് പ്രധാന കാരണം ഞാൻ തന്നെയാകാം. കാരണം എന്റെ സിനിമ വരുമ്പോൾ പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ട്. സിനിമയിലെ സസ്പെൻസുകൾ പ്രെഡിക്റ്റബിൾ ആയിരുന്നു എന്ന് ചിലർ പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ പേരായ മിറാഷ് എന്ന എലെമെന്റിലാണ് ഞാൻ കൂടുതൽ ശ്രദ്ധ നൽകിയത്. അതുകൊണ്ട് തന്നെ സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം ഓരോ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ അതെല്ലാം ഓരോ ട്വിസ്റ്റ് ആയി മാറി.’ ജീത്തു ജോസഫ് പറഞ്ഞു.

‘ട്വിസ്റ്റ് കൂടിപ്പോയി എന്ന് പറഞ്ഞവരുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ മിറാഷ് എന്ന എഫക്റ്റിലായിരുന്നു. മിറാഷ് എന്ന കൺസെപ്റ്റ് തന്നെ ഒരു ഡബിൾ ഫേസ് അല്ലെങ്കിൽ സെക്കന്റ് പഴ്സനാലിറ്റി എന്നതാണ്. മിറാഷിൽ ഒരു റിസ്ക് എലമെന്റ് ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഭാഗ്യത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിലർക്ക് സിനിമ ഇഷ്ടമായി ചിലർക്ക് ഇഷ്ടമായില്ല’, ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

വലിയ പ്രതീക്ഷയിലെത്തിയ ചിത്രമായിരുന്നെങ്കിലും ചിത്രം വലിയ രീതിയിൽ വിജയം കണ്ടില്ല. സിനിമയിലെ ട്വിസ്റ്റുകൾ നല്ലതാണെങ്കിലും ഒരു തരത്തിലുമുള്ള ഇമ്പാക്ട് അവയ്ക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെന്നുമായിരുന്നു അഭിപ്രായങ്ങൾ. ജീത്തു ജോസഫിന്റെ ഏറ്റവും മോശം മേക്കിങ് ആണ് മിറാഷിന്റേതെന്നും ചിത്രത്തിന്റെ വിഷ്വലുകളും എഡിറ്റിംഗുമെല്ലാം പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരുന്നത്. ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.

ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.