‘രൗദ്രം മാറ്റിവെക്കുമ്പോഴും ഭാവം ശാന്തം’.. മനസ്സ് തുറന്ന് ജയരാജ്..സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസീവ്

','

' ); } ?>

ഭരതന്‍ എന്ന പ്രതിഭയുടെ കൈപിടിച്ച് മലയാള സിനിമയിലെത്തിയ ജയരാജ് എന്ന സംവിധായകന്‍ എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ദേശാടനം, ശാന്തം, കരുണം, ദൈവനാമത്തില്‍, ഒറ്റാല്‍ എന്നീ ചിത്രങ്ങളിലൂടെ അഞ്ച് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. എട്ട് ദേശീയ പുരസ്‌കാരങ്ങള്‍, എട്ട് സംസ്ഥാന പുരസ്‌കാരങ്ങള്‍… നേട്ടങ്ങളുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും നാട്ടിന്‍പുറങ്ങളിലും, നമ്മുടെ ചുറ്റുപാടിലും അലഞ്ഞ് നടക്കുന്ന കഥയെയും കഥാപാത്രങ്ങളേയും തേടുകയാണ് ഈ അതുല്ല്യ സംവിധായകന്‍. ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കും സംവിധായകനുമുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ തന്റെ മുപ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ്….

 

. ജോണി വാക്കര്‍, ഫോര്‍ ദ പീപ്പിള്‍, തിളക്കം തുടങ്ങീ ചിത്രങ്ങള്‍ മുതല്‍ കളിയാട്ടം, ഒറ്റാല്‍ അവസാനം ഭയാനകം വരെ നാല്‍പതോളം സിനിമകള്‍…പല സ്വഭാവമുള്ള സിനിമകളുടെ സമ്മേളനമാണ് ജയരാജ്….മൗലികമായി ജയരാജ് എന്ന സംവിധായകന്‍ സത്യത്തില്‍ എന്താണ്?.

. ഞാന്‍ എന്നെകുറിച്ച് തന്നെയുള്ള അന്വേഷണത്തിലാണ്. ഏത് ജനുസ്സില്‍പെടുന്ന സംവിധായകനാണെന്ന് എനിയ്ക്ക് തന്നെ ഇതുവരെയും പിടികിട്ടിയിട്ടില്ല. നമ്മളെ വിസ്മയിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, കാഴ്ച്ചകള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം പറയണമെന്ന് തോന്നുമ്പോഴാണ് സിനിമ ചെയ്യുന്നത്. ബൈസിക്കിള്‍ തീവ്‌സ്, പഥേര്‍ പാഞ്ചാലി പോലുള്ള ലോകസിനിമകളാണ് ഇന്നും എന്നെ ആകര്‍ഷിക്കുന്നതും, എനിക്ക് ഒരിയ്ക്കലും അതിനടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നതുമായ സിനിമകള്‍. സിനിമയില്ലാതെ നമുക്കൊരു ജീവിതമില്ല. നമ്മുടെ നൊസ്റ്റാള്‍ജിയ പോലും നമ്മള്‍ ചേര്‍ത്തു വെയ്ക്കുന്നത് സിനിമാ ഗാനങ്ങളോടും സിനിമയോടും ചേര്‍ത്തു വെച്ചാണ്. പല സംസ്ഥാനങ്ങളും ഭരിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട കുടുംബങ്ങളോ മറ്റോ ആണ്. ഭാരതത്തിലിന്ന് സിനിമയ്ക്ക് അത്രമാത്രം പ്രാധാന്യമുണ്ട്. ചെറുപ്പക്കാരും അതുകൊണ്ടെല്ലാം ആത്യന്തിക ലക്ഷ്യമായി സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നു.

ജനങ്ങളെല്ലാം ഒരു പോലെ ഇന്നും ഇഷ്ടപ്പെടുന്ന ജോണീവാക്കര്‍ പോലുള്ള സിനിമയെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പരീക്ഷണ ചിത്രങ്ങള്‍ മാത്രം മതിയെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. ചിലപ്പോള്‍ അത് മാറാം.

. നവരസ പരമ്പരയിലെ ശേഷിക്കുന്ന ചിത്രങ്ങള്‍?

. നവരസങ്ങളില്‍ രൗദ്രം, ശൃംഖാരം, ഹാസ്യം മൂന്ന് രസങ്ങളാണ് ശേഷിക്കുന്നത്. കോഴിക്കോട് നിപ്പ ബാധിച്ച സമയത്തെ അനുഭവങ്ങളറിഞ്ഞതില്‍ നിന്നാണ് രൗദ്രത്തെ ആധാരമാക്കി സിനിമ ചെയ്യാനിരുന്നത്. സിനിമയുടെ പ്രഖ്യാപനവും നടത്തി. ഞങ്ങളുടെ തന്നെ സഹപ്രവര്‍ത്തകന്‍ അതേ വിഷയം സിനിമയാക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. അത് കൊണ്ട് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്‍വാങ്ങി. ഒരു പക്ഷേ അദ്ദേഹത്തിന് എന്നേക്കാള്‍ നന്നായി ആ സിനിമ ചെയ്യാന്‍ കഴിയും. നല്ല സിനിമ ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. എന്റെ രൗദ്രത്തിന് മറ്റൊരു അന്തരീക്ഷം ഉണ്ടാകാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഹാസ്യത്തെ കുറിച്ച് ഒരുപരിധി വരെ ഞാനെഴുതി വെച്ചിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ട് ശൃംഖാരമാണ്. ഏറ്റവും മനോഹരമായ പ്രണയമെന്നത് വേദനയാണ്. അത് പോലെ ശൃംഖാരത്തിന്റെ രസമെന്നത് വേദനയാണ്. പക്ഷേ ഞാന്‍ തീരുമാനമെടുത്തിട്ടില്ല.

. നിപ്പയുമായി ബന്ധപ്പെട്ട സിനിമയുടെ രചനയിലേക്ക് പ്രവേശിച്ചിരുന്നോ?

. ഞാനേത് സിനിമയെടുക്കുമ്പോഴും ചരിത്രവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അങ്ങിനെ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത്തരത്തില്‍ റിസര്‍ച്ച് നടത്താറുണ്ട്. ഭയാനകത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ടെത്തിയപ്പോള്‍ കോഴിക്കോട് പ്രസ്‌ക്ലബില്‍ നിന്നുമാണ് നിപ്പയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ശേഖരിച്ചു. ഡോക്ടര്‍മാര്‍, സൈക്ക്യാര്‍ടിസ്റ്റ് ഇങ്ങനെ പലരും വിവരങ്ങള്‍ തരാനായി എന്നെ ഇങ്ങോട്ട് സമീപിച്ചു.

. ഒരേ വിഷയവുമായി ബന്ധപ്പെട്ട സിനിമകള്‍ രണ്ട് സംവിധായകര്‍ ഒരേ സമയം പ്രഖ്യാപിച്ചാല്‍ അത് വിവാദമാവുകയാണ് പതിവ്. പക്ഷേ സിനിമയില്‍ നിന്ന് പിന്‍മാറുകയാണെന്ന സോഷ്യല്‍ മീഡിയയിലെ താങ്കളുടെ കുറിപ്പിന് നിറഞ്ഞ കയ്യടിയായിരുന്നു കിട്ടിയത്?

. കഥയും കഥാപാത്രങ്ങളും കഥാപരിസരവുമെല്ലാം വന്ന് ചേരുന്നത് കാത്തിരിപ്പിനൊടുവിലാണ്. അങ്ങിനെ ഒരു സാഹചര്യമാണ് രൗദ്രത്തിനായി എനിക്ക് മുന്നിലൊരുങ്ങി വന്നത്. പക്ഷേ അതിനേക്കാള്‍ ആ സിനിമ ചെയ്യാനാഗ്രഹിച്ച അതിന്റെ മറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകനുമുണ്ട്. അപ്പോള്‍ അതിനായിരിക്കും മുന്‍തൂക്കം. ഞാന്‍ അടുത്തതിനായി കാത്തിരിക്കുന്നു. അത് വന്ന് ചേരുമെന്നാണെന്റെ വിശ്വാസം. ഉദാഹരണത്തിന് പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥയെ ആസ്പദമാക്കി ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിമിലെ നായകനെ എനിയ്ക്ക് യാദൃശ്ചികമായി കണ്ടുകിട്ടിയതാണ്. ഈ വെള്ളപൊക്ക സമയത്ത് ഞാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഈ പ്രവര്‍ത്തനത്തിനിടെ ഒരു ക്യാമ്പില്‍ നിന്നും കണ്ടു കിട്ടിയ നല്ല ശക്തിയും ശബ്ദവുമൊക്കെയുള്ള പരമേശ്വരന്‍ എന്ന ഒരാളാണ് ഇതിലെ നായകന്‍. നമ്മളറിയായതെ നമ്മളെ നയിക്കപ്പെടുന്നുണ്ട്.

. വൈറസ് എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ ആഷിഖ് അബുവിനോട് ഒട്ടും ദേഷ്യം തോന്നിയില്ലേ?

. അയ്യോ…ഇല്ല…ഒരു ശതമാനം പോലും തോന്നിയിട്ടില്ല. ഞാന്‍ സിനമയ്ക്കായി സ്വാംശീകരിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കാനുള്ള മാനസികാവസ്ഥയിലാണ്.

. ആഷിഖ് അബു അതിന് ശേഷം പിന്നീട് വിളിച്ചോ?

. ഇല്ല വിളിച്ചിട്ടില്ല…ഞങ്ങള്‍ കാണുന്ന സമയത്ത് തീര്‍ച്ചയായും ഞാന്‍ അത്  പങ്കുവെയ്ക്കണമെന്നാഗ്രഹിക്കുന്നുണ്ട്.

. വിശ്വവിഖ്യാതമായ സാഹിത്യങ്ങളെ അവലംബിച്ചുള്ള സിനിമകളെ നമ്മുടെ നാടിന്റെ സംസ്‌കാരവുമായി കൂട്ടിചേര്‍ക്കുന്നത് ബോധപൂര്‍വ്വമാണോ? യാദൃശ്ചികമാണോ?

. അതൊരു നല്ല ചോദ്യമാണ്….എന്നോടാരും ഇതുവരേയും ചോദിച്ചിട്ടില്ലാത്ത ചോദ്യം. സ്വാഭാവികമായി വന്ന് ചേരുന്നതാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒഥല്ലോ… സാംബശിവന്റെ കഥാപ്രസംഗം ചെറുപ്പത്തില്‍ കേട്ടതെവിടെയോ കിടക്കുന്നുണ്ട്….കളിയാട്ടം എന്ന സിനിമ ചെയ്യുന്നതിന് മുന്‍പ് തീ ചാമുണ്ഡി എന്ന കൈതപ്രത്തിന്റെ കവിത വായിച്ചു. കവിതയില്‍ ചതി തീയില്‍ പൊള്ളലേറ്റ തെയ്യം കലാകാരനെ കുറിച്ചാണ് പറയുന്നത്. ഒഥല്ലോയെ കുറിച്ച് ആദ്യമേ സിനിമ ചെയ്യണമെന്നിരുന്നതാണ്. അങ്ങിനെ ഈ രണ്ട് സംഭവങ്ങളും സമന്വയിക്കുകയാണ്. അതൊരു നിമിഷത്തെ ചിന്തയില്‍ നിന്നുമുണ്ടായതാണ്. എങ്ങിനെയാണെന്നറിയില്ല. അത് വെച്ച് നോക്കുമ്പോള്‍ പിന്നീട് ഇതെല്ലാം വലിയ സാമ്യമായി തോന്നുകയാണ്. വീരം ചെയ്യുമ്പോഴും മാക്ബത്തുമായി ബന്ധപ്പെടുത്തുന്നതും ഇങ്ങിനെയാണ്. മാക്ബത്തിന് മുന്‍പേ ചതിയന്‍ ചന്തുവിന്റെ കഥ ഇവിടെയുണ്ട്. അത് പോലെയാണ് ചെക്കോവിന്റെ വാങ്ക ഒറ്റാലായി മാറുന്നത്. അന്നത് വായിച്ചപ്പോള്‍ ഒറ്റ പേജുള്ള കഥ സിനിമയാകുമോ എന്ന് തോന്നിയിരുന്നു. പക്ഷേ പിന്നീട് കാലങ്ങള്‍ക്ക് ശേഷം ആസാമിലെ ഗുവാഹട്ടിയിലെ വെള്ളപൊക്കത്തെ കുറിച്ച് പത്രത്തില്‍ വന്ന ചങ്ങാടത്തില്‍ ആട്ടിന്‍കുട്ടികളേയും വെച്ച് തുഴഞ്ഞ് പോകുന്ന ചിത്രം കണ്ടപ്പോള്‍ വാങ്കയുമായാണ് സാമ്യം തോന്നിയത്. അതിന് ശേഷം താറാവ് കൃഷിയുള്ള കുട്ടനാട്, വാങ്ക കുട്ടപ്പായിയായി മാറുന്നു…വെല്ല്യപ്പച്ചായിയുമായുള്ള സ്‌നേഹം…അങ്ങിനെ അതൊരു വലിയ അനുഭവമായി മാറുന്നു. ഇതെല്ലാം വന്ന് ചേരലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭയാനകത്തിലുമിത് കാണാം…മഴ കൃത്രിമമായുണ്ടാക്കുന്നതിനുമപ്പുറം യാദൃശ്ചികമായി അനുഗ്രഹിക്കുകയായിരുന്നു. തീവ്രമായി ആഗ്രഹിച്ച് നമ്മളിറങ്ങിയാല്‍ പണമൊന്നും പ്രശ്‌നമല്ല. പിന്നെയെല്ലാം സംഭവിക്കും.

. ഹാസ്യത്തെ കുറിച്ച് പറയുമ്പോള്‍ ഹാസത്തെ കുറിച്ച്….ശൃംഖാരത്തെ കുറിച്ച് പറയുമ്പോള്‍ പ്രണയ വേദനയെ കുറിച്ച്…’രൗദ്രം’ വിട്ട് കൊടുക്കുമ്പോള്‍ പോലും ഭാവം ശാന്തമാണ്…?

. എന്റെ സിനിമാ ജീവിതം 90കളില്‍ തുടങ്ങി മുന്നോട്ട് പോകുമ്പോള്‍ അനുഭവങ്ങളില്‍ നിന്നും പഠിക്കുന്നു. അതില്‍ നിന്നും വന്ന് ചേരുന്ന അറിവെന്ന് വിളിക്കുന്ന ഉള്‍ക്കാഴ്ച്ച ഉണ്ടാകുന്നു. ഹാസ്യമന്വേഷിച്ചാണ് ഞാനേറ്റവും നടന്നത്. കുഞ്ചന്‍ നമ്പ്യാരെ വെച്ച് നോക്കിയാല്‍ മറ്റുള്ളവരെ ചിരിപ്പിച്ചത് ഹാസ്യത്തിലൂടെയാണെങ്കിലും ജീവിതാവസാനം വേദനയായിരുന്നു. ചാര്‍ളി ചാപ്ലിനാകട്ടെ അത് തന്നെ. അങ്ങിനെ വെച്ച് നോക്കിയാല്‍ ഹാസമാണ് സ്ഥായീ ഭാവം. സത്യാന്വേഷണത്തിന്റെ,ജ്ഞാനപ്രകാശത്തിന്റെ ഹാസം. യേശുദേവന്റെ, ബുദ്ധന്റെയൊക്കെ മുഖത്ത് കാണുന്ന ഹാസം. അത് തന്നെയാണ് ഹാസ്യമെന്ന് ഞാന്‍ വിചാരിക്കുന്നു. അത് എങ്ങിനെയെന്നറിയില്ല.

. താങ്കളുടെ സമീപകാല സിനിമകളെടുത്താല്‍ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഒരു കഥാപാത്രം….അതായത് അയാളുടെ വ്യക്തിജീവിതത്തെ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയല്ലേ താങ്കളിലെ സംവിധായകന്‍?

. ഒരു വലിയ ചോദ്യമാണ്…ഞാനേറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകയും….ജീവിതത്തിലേറ്റവും ഏറ്റവും കൂടുതല്‍ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്നതുമായ വ്യഥ അതാണ്. വാവച്ചന്‍ എന്നു പറയുന്ന അനാഥനായ, ഭിന്നശേഷിക്കാരനായ ഒരാള്‍. ഞാന്‍ കണ്ടതില്‍ ജന്‍മനാ തന്നെ ജ്ഞാനപ്രകാശം കിട്ടിയ, ഏറ്റവും സന്തോഷമുള്ള വ്യക്തിയാണ് വാവച്ചന്‍. ശ്രീ ശ്രീ ശ്രീ വാവച്ചന്‍ എന്ന പുസ്തകം രചിക്കുന്നത് തന്നെയങ്ങിനെയാണ്. വാവച്ചനെ വെച്ച് സിനിമയിലെടുക്കുന്നതോടെ വാവച്ചന്‍ എന്റെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. ആ വാവച്ചനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കായി. വാവച്ചന്‍ എന്നും വിളിക്കും. വാവച്ചനെന്റെ വീടിന്റേയും ജീവിതത്തിന്റേയും കൂടെയായി. ലോകത്തില്‍ വളരെ അപൂര്‍വ്വം സംവിധായകരുടെ കൂടെയേ ഇങ്ങിനെ ആക്ടര്‍ ജീവിക്കാറുള്ളൂ. അത് പോലെ ഒറ്റാലിലെ കുമരകം വാസവന്‍ എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന മീന്‍പിടുത്തക്കാരനാണ്. സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന് ജോലി ചെയ്ത് ജീവിക്കാനാവില്ലെന്ന് എനിയ്ക്കുറപ്പായിരുന്നു. പിന്നീട് ആ നാട്ടിലെ എല്ലാ പരിപാടിയിലും അദ്ദേഹം അതിഥിയായി മാറി. തൊഴിലെടുക്കാനായി അദ്ദേഹത്തിന് ഞാനൊരു വള്ളം വാങ്ങി കൊടുത്തു. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാനത് വില്‍ക്കുകയാണെന്ന്. സ്വയം അദ്ദേഹം തീരുമാനിച്ചു….ഇനി വയ്യ. അതിനും കാരണക്കാരന്‍ ഞാനാണ്. അല്ലെങ്കില്‍ ഇന്നും കായലിന്റെ നടുവില്‍ മനോഹരമായി മീനും പിടിച്ച് ജീവിക്കേണ്ട ആളാണ്. പിന്നീടെന്നും അദ്ദേഹത്തെ വിളിച്ച് ക്ഷേമമന്വേഷിക്കാറുണ്ട്. അതിന് ശേഷമുള്ള സിനിമയിലുണ്ടായിരുന്നു. അദ്ദേഹത്തെ സംരക്ഷിച്ചേ പറ്റൂ…ഇനി വരാനിരിക്കുന്ന സിനിമയില്‍ പരമേശ്വരനുണ്ട്. അതൊരു നിയോഗം പോലെ നമ്മളിലേക്ക് വന്ന് ചേരുകയാണ്.

. സംവിധായകന്റെ സ്വാര്‍ത്ഥതയില്‍ നിന്നല്ലേ ഇത്തരം കണ്ടെത്തലുകള്‍?

. നൂറ് ശതമാനം സ്വാര്‍ത്ഥത തന്നെയാണ്. ഒരു സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണത്. പെര്‍ഫെക്ഷന്‍ സ്വാര്‍ത്ഥതയാണെങ്കില്‍ തീര്‍ച്ചയായും സ്വാര്‍ത്ഥതയാണ്. എനിക്ക് ഒരുപാട് താരങ്ങളെ ലഭിക്കും. പക്ഷേ സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ചകളില്ലാതെ യാഥാര്‍ത്ഥ്യത്തോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ അവരുപോലുമറിയാതെ എടുക്കാന്‍ കഴിയണം. അവര്‍ പോലുമറിയാതെ കവര്‍ന്നെടുക്കുകയാണത്. ഓരോ വ്യക്തിയുടേയും ജീവിതത്തിലുണ്ടാകുന്ന ചില സവിശേഷമായ രീതികളിലും,ചലനങ്ങളിലും ദൈവിക സാന്നിധ്യമുണ്ട്. അതിലൂടെ ഒരു സിനിമയും അതിന് ജീവനുമുണ്ടാകുന്നു ഒപ്പം എന്റെ സ്വാര്‍ത്ഥതയും. ഞാനൊരു കലയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണത് ചെയ്യുന്നത്. അതുണ്ടായേ പറ്റൂ. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എല്ലാ പൊയ് വേഷങ്ങളും അഴിച്ച് മാറ്റി ആത്മസമര്‍പ്പണം ചെയ്യാന്‍ യഥാര്‍ത്ഥ മനുഷ്യരായിട്ട് നമ്മുടെ താരങ്ങള്‍ വരണം. അവരതിന് തയ്യാറാകണം.

. നമ്മുടെ താരങ്ങളതിന് തയ്യാറാകുന്നില്ലേ?

.  (ചിരി)….അതെനിക്ക് തോന്നുന്നില്ല….ഒറ്റാലിലെ വാസവന്‍ ചേട്ടനെ പോലെ മനസ്സും ശരീരവുമായി മാറാന്‍…..നസറുദ്ദീന്‍ ഷാ വരും…ഒരുപക്ഷേ ഇര്‍ഫാന്‍ ഖാന്‍ വരും. ഞങ്ങള്‍ വളരെ അടുത്ത ബന്ധമുണ്ട്. കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ അവരതിന്റെ ഉള്‍ക്കാമ്പിനായി എല്ലാം മാറ്റി വെക്കും. അതാണേറ്റവും വലിയ ആത്മ സമര്‍പ്പണം. അതെവിടെയോ നമ്മുടെ ഒരുപാട് താരങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വലിയ സങ്കടമാണ്.

. കഥാപാത്രങ്ങളെ ജീവിതത്തില്‍ കൂടെ കൂട്ടിയാണോ അത് പരിഹരിക്കുന്നത്?

. ഒരു പരിധി വരെ അതൊരു ഉത്തരവാദിത്വമായിട്ട് മാറുകയാണ്. അവര്‍ അനാഥമാകുമ്പോള്‍ എനിക്ക് സങ്കടമാകും. അല്ലെങ്കില്‍ ആ ഉത്തരവാദിത്വം നമ്മളേറ്റെടുക്കും. അങ്ങിനെ കുറേയധികം പേരുണ്ട്. അവരെയെല്ലാം ചേര്‍ത്ത് വെച്ചൊരു സിനിമ ഒന്നിച്ച് ചെയ്യുന്ന കാലം ഒരു പക്ഷേ ഉണ്ടാകും.

. പരീക്ഷണ സിനിമകള്‍ വാണിജ്യപരമായി പരാജയപ്പെടുമ്പോള്‍ അത് മുന്‍പോട്ടുള്ള യാത്രയെ ബാധിക്കില്ലേ?

. ഓരോ സിനിമാ അനുഭവങ്ങളും മറ്റൊരു സിനിമയ്ക്കായുള്ള ഊര്‍ജ്ജമാക്കി മാറ്റുകയാണ്. വേദനകളുണ്ടാകും…ഭയാനകം…ഇത്രയും അംഗീകാരങ്ങള്‍ കിട്ടിയ സിനിമ തിയേറ്ററില്‍ വലിയ പ്രതികരണമില്ലാതെ പോകുമ്പോള്‍ നമുക്ക് വലിയ സങ്കടമുണ്ടാകും. എന്നാല്‍ നമ്മള്‍ വീണ്ടും അതേപോലെ വളരെ ഗൗരവമേറിയ പ്രമേയങ്ങളെടുത്ത് അവര്‍ കാണുന്ന രീതിയിലേക്ക് സിനിമയെ മാറ്റും. അല്ലെങ്കില്‍ അവരിരിക്കുന്ന ഇടങ്ങളില്‍ സിനിമ കാണിക്കും. ഭയാനകം അങ്ങിനെ ഉദ്ദേശിക്കുന്നുണ്ട്. സിനിമ കാണണം. കണ്ടാല്‍ അവര്‍ക്ക് ഇഷ്ടമാകും. തിയേറ്ററിലേക്ക് വരാനുള്ള ഒരു മടി മാത്രമേയുള്ളൂ. അത് മാറിയാല്‍ സിനിമ കാണും. ലോകത്ത് സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ് ഏറ്റവും വലിയ പരസ്യമായിട്ട് ഉപയോഗിക്കുന്നത്. നമ്മളാകട്ടെ അംഗീകാരങ്ങള്‍ പരസ്യമായിട്ട് ഉപയോഗിക്കാതെ മറച്ച് വെയ്ക്കുകയാണ്. കാരണം അത് അറിഞ്ഞാല്‍ ആളുകള്‍ കയറില്ലെന്ന് കരുതി. പക്ഷേ അത് മാറുന്ന ഒരുകാലം വരും. ഇപ്പോള്‍ ഒരുപാട് ചെറുപ്പക്കാര്‍ സിനിമയിലുണ്ട്. അവരില്‍ പ്രതീക്ഷയുണ്ട്.

. ഭയാനകത്തിലെ കഥാപാത്രത്തിന് തന്റെ കല്ലേരിയിലെ തപാല്‍ക്കാരന്‍ എന്ന കഥയിലെ കഥാപാത്രവുമായുള്ള ബന്ധത്തെ കുറിച്ച് വി.ആര്‍ സുധീഷ് സൂചിപ്പിച്ചിരുന്നു?

. എനിയ്ക്ക് എത്രയോ ബഹുമാനമുള്ള എഴുത്തുകാരനാണ് സുധീഷ്. പക്ഷേ ഈ കഥ എത്രയോ മുന്‍പ് ഭരതേട്ടനും ജോണ്‍പോളുമുള്ള സമയത്ത് ജോണ്‍പോളാണ് ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തുന്നത്. തകഴിയുടെ കയറില്‍ രണ്ട് ചാപ്റ്ററില്‍ വരുന്ന ഈ പോസ്റ്റുമാന്‍ ഒരു സിനിമയാണെന്ന് പറയുന്നത് അദ്ദേഹമാണ്. അന്ന് ഭരതേട്ടനും ഈ സിനിമ ചെയ്യാനാഗ്രഹമുണ്ടായിരുന്നു. അതിനിടെ രണ്ടിടങ്ങഴി ചെയ്താലോ എന്ന ചര്‍ച്ചയിലേക്ക് പോയി. 2000ത്തില്‍ ഞാനും ജോണ്‍പോളുമായി രണ്ടുതവണ ഇരുന്നു. കരുണത്തിന് അംഗീകാരം കിട്ടിയ സമയത്ത് ഈ വീട്ടില്‍ വെച്ച് തന്നെ നല്‍കിയ അഭിമുഖത്തില്‍ തകഴിയുടെ പോസ്റ്റ്മാനാണ് അടുത്ത സിനിമയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് സുധീഷ് ഈ കഥയെഴുതിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ അന്നത് നടക്കാതെ പോയി. ചിലപ്പോള്‍ അദ്ദേഹത്തിന് തോന്നിയ തെറ്റിദ്ധാരണ മാത്രമാകുമെന്ന് തോന്നുന്നു.

. മലയാള സിനിമയില്‍ ലൗഡ് സ്പീക്കറിലൂടെ സിംഗ് സൗണ്ട് പരീക്ഷിച്ചത് താങ്കളാണല്ലോ?

. ആ ലൈവ് സംഭാഷണ രീതിയാണ് തന്റെ പിന്നീടുള്ള സിനിമകളുടേയെല്ലാം ജീവന്‍. അതിനോട് നമ്മള്‍ കൂടുതല്‍ പൊരുത്തപ്പെട്ട് വരുന്നുണ്ട്. മറ്റ് ഭാഷകളെല്ലാം ആ വഴിയിലാണ് സഞ്ചരിക്കുന്നത്.

. സംവിധായകന്‍ രഞ്ജിത്തിനെ കാത്തിരുന്ന് മടുത്താണ് താങ്കള്‍ എഴുത്തിന്റെ വഴിയിലെത്തിയതെന്ന് കേട്ടിട്ടുണ്ട്? രചയിതാവായതിന് ശേഷമുള്ള സംവിധായകനെ കുറിച്ച്?

.  രചനയെ ആദ്യം എനിയ്ക്ക് ഭയമായിരുന്നു. ഇപ്പോള്‍ പലതും എഴുതിയാല്‍ മതിയായിരുന്നു എന്ന് തോന്നുന്നുണ്ട്. ആദ്യം സംവിധായകനായപ്പോള്‍ ഒരാളെ എഴുതാന്‍ പ്രേരിപ്പിക്കുകയും അയാളെ കൊണ്ട് എഴുതിപ്പിക്കുകയുമായിരുന്നു. ലൗഡ് സ്പീക്കറിന് വേണ്ടി രഞ്ജിത്തിനായുള്ള കാത്തിരിപ്പിനിടെ ഷൂട്ടിംഗ് തുടങ്ങണമെന്ന ഘട്ടത്തിലാണ് പേനയെടുത്തത്. വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മമ്മൂക്കയാണ് ഇനി താനാരുടേയും പിറകെ പോകേണ്ടെന്ന് പറഞ്ഞത്. അദ്ദേഹം തന്ന ആത്മവിശ്വാസം വളരെ വലുതാണ്. പുതിയ ആളുകളെ കൈപിടിച്ചുയര്‍ത്താന്‍ സന്‍മനസ്സുള്ള ആളാണ് മമ്മൂക്ക. എന്റെ ആദ്യത്തെ രണ്ട് സിനിമ കഴിഞ്ഞ് ജോണിവാക്കറിന്റെ കഥ പറയാനായി മദ്രാസ്സില്‍ ചെന്നപ്പോള്‍ കഥകേട്ട് അപ്പോള്‍ തന്നെ പ്രൊഡ്യൂസറെ വിളിച്ചു പ്രൊജക്റ്റ് ശരിയാക്കി. അന്നേരം എന്നോട് പറഞ്ഞു ഭരതേട്ടന്റെ കൂടെ പ്രണാമം എന്ന സിനിമ ചെയ്യുമ്പോള്‍ നിന്നെ ഞാന്‍ അന്നേ നോട്ടം ഇട്ടുവെച്ചിട്ടുണ്ടെന്ന്. ഒരു സഹസംവിധായകന്‍ വളരുമെന്ന് അത്രയും ശ്രദ്ധയോടെ അദ്ദേഹം വീക്ഷിക്കുന്നുണ്ടായിരുന്നു. സിനിമ മാത്രമേ അദ്ദേഹത്തിന്റെ മനസ്സിലും ശരീരത്തിലുമുള്ളൂ. സിനിമയില്ലാതെ ഒരു ദിവസം അദ്ദേഹത്തിന് ചിന്തിക്കാനാവില്ല.

. സബിത ജയരാജ്…ഭാര്യയുടെ സിനിമാ ജീവിതത്തെകുറിച്ച്…കുടുംബം….?

. സബിത കുറേ സിനിമകളില്‍ ചെയ്തു. അധികവും എന്റെ സിനിമകളാണ് ചെയ്തത്. കോസ്റ്റിയൂം ഡിസൈനറായാണ് തുടങ്ങിയത്. ഇപ്പോള്‍ വേറെ കോസ്റ്റിയൂം ഡിസൈനേഴ്‌സുണ്ടെങ്കിലും സജിതയുടെ നിര്‍ദേശങ്ങള്‍ തേടാറുണ്ട്. നല്ല കളര്‍ സെന്‍സാണ്. ഭയാനകത്തിലെ പ്രകടനത്തെ കുറിച്ച് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. പിന്തുണ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ആഗ്രഹമുണ്ട്. അത്‌പോലെ മകന്‍ കേശവും അഭിനയിച്ചു. മകള്‍ ധനു ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഷോര്‍ട്ട്ഫിലിമിന് പുറമെ മുന്‍പ് ചെയ്ത ദേശീയ അവാര്‍ഡ് കിട്ടിയ റീ ബര്‍ത്ത് എന്ന ഡോക്യുമെന്ററിയിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഗ്രി സൈക്കോളജിയായിരുന്നു. സോഷ്യല്‍ വര്‍ക്ക് ചെയ്യണമെന്നാഗ്രഹമാണ്. എന്റെ സിനിമയിലും സഹകരിക്കുന്നു. ഇനി രൗദ്രത്തിന്റെ കഥയ്ക്കായുള്ള അന്വേഷണത്തിലാണ്. അതും വന്ന് ചേരും. കാത്തിരിക്കാം.