“തരം താഴ്ന്ന രീതിയിൽ ആ സ്ത്രീ എനിക്കയച്ച സന്ദേശത്തിന്റെ മറുപടിയാണത്”; വിവാദ സന്ദേശത്തെ കുറിച്ച് തെളിവുകളുമായി കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ

','

' ); } ?>

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്കയച്ച ഓഡിയോ വൈറലായതിനു പിന്നാലെ സംഭവത്തെ കുറിച്ച് പ്രതികരിച്ച് കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ “ബസന്തി”. “വളരെ തരം താഴ്ന്ന രീതിയിൽ തനിക്കയച്ച സന്ദേശത്തിനാണ് താൻ അത്തരമൊരു ഓഡിയോ അയച്ചതെന്നും, തന്റെ ഭർത്താവിന്റെ ഭക്ഷണം കഴിച്ച് ജീവിക്കുന്നിടത്തോളം കാലം താൻ ഭർത്താവിന് വേണ്ടി സംസാരിക്കുമെന്നും” ബസന്തി പറഞ്ഞു. കൂടാതെ “മുഴുവൻ ആണുങ്ങളെ വിശ്വസിച്ചാലും സ്ത്രീകളെ വിശ്വസിക്കരുതെന്നും അവർ അപകടകരമായ ആയുധങ്ങളാണെന്നും, അത് കൊണ്ടാണ് ആ സ്ത്രീക്ക് മറുപടി താൻ കൊടുത്തതെന്നും” ബസന്തി കൂട്ടിച്ചേർത്തു. തനിക്ക് വന്ന ഓഡിയോ സന്ദേശമടക്കം വെളിപ്പെടുത്തി കൊണ്ടായിരുന്നു ബസന്തിയുടെ പ്രതികരണം. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബസന്തി.

“എന്റെ മനോനിലക്കൊരു കുഴപ്പവും ഇല്ലെന്ന് അറിയിക്കാൻ കൂടി വേണ്ടിയിട്ടാണ് ഞാൻ അത്തരമൊരു സന്ദേശം അയച്ചത്. എന്റെ സുഹൃത്തുക്കൾ വഴിയാണ് അദ്ദേഹത്തിനെതിരെയുള്ള ബാഡായിട്ടുള്ള കമന്റുകളെ കുറിച്ച് ഞാനറിയുന്നത്. അത് കേട്ടപ്പം ഞാൻ വളരെ മാന്യമായിട്ടൊരു സന്ദേശമാണ് അയച്ചത്. അതിനവർ വളരെ വൃത്തികെട്ട തരം താഴ്ന്ന രീതിയിലാണ് എനിക്ക് തിരിച്ച് മറുപടി നൽകിയത്. അതിന് ഞാനയച്ച സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പക്ഷെ ഒന്നോർക്കണം ഞാനവർക്ക് വ്യക്തിപരമായാണ് മെസ്സേജ് അയച്ചത്. അവരയച്ചതൊട്ട് ആരെയും കേൾപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. എന്നാൽ അവര് ചെയ്തതോ. അതാണ് സ്ത്രീകൾ. ഞാനൊരു പെണ്ണാണ്, ആ ബോധ്യം വെച്ച് തന്നെ പറയുകയാണ്, ആണുങ്ങളെ വിശ്വസിച്ചാലും പെണ്ണുങ്ങളെ വിശ്വസിക്കരുത്. അപകടകാരികളായ ആയുധമാണ് അവർ. പത്തു കൊല്ലം കൂടെ ജീവിച്ചിട്ട് നിസ്സാരമായൊരു പ്രശനം വന്നാൽ പീഡനം എന്ന് പറഞ്ഞ് അവർ പോകും.” ബസന്തി പറഞ്ഞു

“അത് കൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് മറുപടി അയപ്പിക്കാതെ ഞാനയച്ചത്. അദ്ദേഹമെങ്ങാനും അയച്ചിരുന്നെങ്കിൽ പിന്നെ സ്ത്രീത്വത്തെ അപമാനിച്ചു, മനോനില തകർത്തു. എന്നൊക്കെ കേൾക്കേണ്ടി വരുമായിരുന്നു. പിന്നെ എന്റെ ഭർത്താവിനെ പറ്റി മോശം പറഞ്ഞാലോ, അദ്ദേഹത്തിനെ തെറി പറഞ്ഞാലോ എനിക്ക് മിണ്ടാതെ കേട്ടിരിക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്, അത് കൊണ്ട് ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും. അത്രയും മനസ്സ് വേദനിപ്പിച്ചത് കൊണ്ട് ആ നിമിഷം പറഞ്ഞ പോയതാണ് അങ്ങനെയൊക്കെ. പിന്നെ അവസരം കിട്ടാൻ വേണ്ടിയാണ് മഞ്ജുവിനെയും, ദിലീപേട്ടനെയും പൊക്കി പിടിച്ചോണ്ട് നടക്കുന്നതെന്ന് പറയുന്നവരോട്. ഇത്രയും കാലം ദിലീപേട്ടൻ പൊക്കി പിടിച്ചോണ്ട് നടന്നിട്ട് അദ്ദേഹത്തിനെന്താ കിട്ടിയത്?. സൂപ്പർ സ്റ്റാറായോ. ഇതൊക്കെ ഈ സോഷ്യൽ മീഡിയ ഉണ്ടാക്കിയെടുക്കുന്നതാണ്. ദിലീപും, മഞ്ജു വാര്യരും ശത്രുക്കളാണെന്നും, ഒരാളുടെ സുഹൃത്ത് മറ്റൊരാളോട് മിണ്ടാൻ പാടില്ലെന്നൊക്കെ. നാളെ അവര് രണ്ടു പേരും ഒരുമിച്ചഭിനയിച്ചാൽ തീരാവുന്നതേയുള്ളു ഇതൊക്കെ.” ബസന്തി കൂട്ടിച്ചേർത്തു

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വൻ തോതിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടി മഞ്ജു വാര്യരെ പ്രശംസിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പ് ആണ് വിവാദമായി മാറിയത്. പിന്നാലെ ജയചന്ദ്രനെ വിമർശിച്ച സരിത സരിൻ എന്ന യുവതിയ്ക്ക് ജയചന്ദ്രന്റെ ഭാര്യ അയച്ച ഓഡിയോ സന്ദേശവും വൈറലായിരുന്നു. തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ തീർത്തോളാമെന്നും, വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നുമായിരുന്നു ഭാര്യ ബസന്തിയുടെ ഓഡിയോ

ബൈക്ക് ഓടിച്ച് ധനുഷ്കോടി പോയ മഞ്ജുവിന്റെ സാഹസിക യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്. മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യർ എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രൻ കുറിപ്പിൽ പറഞ്ഞത്.