
വിജയ് ചിത്രം ‘ജനനായകനുമായി‘ ബന്ധപ്പെട്ട വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചൊവ്വാഴ്‌ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. ഇതോടെ സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്ക് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കും. സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിൻ്റെ നടപടിയെ ചോദ്യംചെയ്തായിരുന്നു നിർമാതാക്കൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നത്
നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്‌മണ്യൻ ഹർജി പിൻവലിക്കാൻ അനുമതിതേടി കോടതിക്ക് കത്തുനൽകുകയായിരുന്നു. ഈ മാസം അവസാനത്തോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും. അതു കണക്കിലെടുത്താണ് സെൻസർ ബോർഡിനെതിരെയുള്ള ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ തയ്യാറായിരിക്കുന്നത്. ചിത്രം നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് തിയേറ്ററുകളിൽ എത്തിക്കണമെന്നതാണ് ടി.വി.കെ.യുടെ താത്‌പര്യം. വിവാദഭാഗങ്ങളെല്ലാം വെട്ടിമാറ്റി 20 മിനിറ്റോളം ദൈർഘ്യം കുറച്ച ശേഷമാണ് സിനിമ വീണ്ടും സെൻസർബോർഡിനു സമർപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, സിനിമയുമായി അടുപ്പമുള്ളവർ അത് നിഷേധിച്ചിട്ടുണ്ട്.
പൊങ്കലിനുമുൻപ് ജനുവരി ഒൻപതിന് ‘ജനനായകൻ’ തിയേറ്ററുകളിലെത്തിക്കാനാണ് വിതരണക്കാർ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഡിസംബർ 18-ന് സിനിമ സെൻസർ ബോർഡിനു സമർപ്പിച്ചിരുന്നു. സിനിമ കണ്ട സെൻസർബോർഡ് അംഗങ്ങൾ നിർദേശിച്ച ഭേഗതികൾ വരുത്താൻ നിർമാതാക്കൾ തയ്യാറായെങ്കിലും പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാസമിതിയുടെ പരിഗണനയ്ക്കു വിടാൻ സെൻസർബോർഡ് ചെയർമാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ സിംഗിൾബെഞ്ച് ജനുവരി ഒൻപതിന് വിധിച്ചിരുന്നു. എന്നാൽ, സെൻസർ ബോർഡിന്റെ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് അന്നുതന്നെ അത് സ്റ്റേ ചെയ്തു. ഇതിനെതിരേ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിൽ സിംഗിൾബെഞ്ച് വിശദമായ വാദം കേൾക്കണമെന്ന് ഡിവിഷൻ ബെഞ്ച് ജനുവരി 20-ന് നിർദേശിക്കുകയും ചെയ്‌തു. അതിനുശേഷമാണ് അനുരഞ്ജനപാത സ്വീകരിക്കാൻ നിർമാതാക്കൾ ശ്രമം തുടങ്ങിയത്.