ഒരു വീഴ്ചയില്‍ ഇടുപ്പെല്ലിന് സംഭവിച്ച ക്ഷതത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയക്ക് വിധേയയായ ജാനകിയമ്മ മകന്‍ മുരളീകൃഷ്ണയോടൊപ്പം മൈസൂരുവിലെ വീട്ടിലുണ്ട്. അവരുടെ ആരോഗ്യസ്ഥിതിയറിയാന്‍ വിളിച്ച സംഗീതനിരൂപകനും എഴുതത്തുകാരനുമായ രവിമേനോനാണ് അവര്‍ ഭൂമിയിലെ സകലചരാചരങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണെന്ന് അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ.
പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെ പ്രിയ ഗാനകോകിലം
”പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്‍ അമൃതം തൂകിയ
ലോകപാലകാ ജഗദീശാ
ആനന്ദത്തിന്‍ അരുണ കിരണമായ്
അന്ധകാരത്തില്‍ അവതരിക്കൂ…”
പാടി അനശ്വരമാക്കിയ ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങളില്‍ ഒന്ന് മാത്രമല്ല എസ് ജാനകിക്ക് ഭാസ്‌കരന്‍ മാഷിന്റെ ഈ രചന. ഉള്ളുരുകിയുള്ള ഒരു പ്രാര്‍ത്ഥന കൂടിയാണത്. ഭൂമിയിലെ സകലചരാചരങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന.
മൈസൂരു നഗരപരിധിക്ക് പുറത്തുള്ള വസതിയിലിരുന്ന് , വൈറസ് ഭീതിയുടെ കാണാക്കയങ്ങളില്‍ മുങ്ങിത്താഴുന്ന ലോകജനതയ്ക്ക് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നു തെന്നിന്ത്യയുടെ ഗാനകോകിലം. ഒരു വീഴ്ചയില്‍ ഇടുപ്പെല്ലിന് സംഭവിച്ച ക്ഷതത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയക്ക് വിധേയയായ ജാനകിയമ്മ ഇപ്പോഴും മൈസൂരുവിലെ വീട്ടിലുണ്ട് — മകന്‍ മുരളീകൃഷ്ണയോടൊപ്പം.
ഭഭഅമ്മ പൂര്‍ണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു.”– മുരളി പറഞ്ഞു. ഭഭപക്ഷേ പതിവുപോലെ അവരുടെ മനസ്സ് പുറത്ത് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കൊപ്പമാണ്. മുഴുവന്‍ സമയവും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു അമ്മ. ഇതിനിടെ സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാന്‍ സമയമെവിടെ?”
എന്നും അമ്മ അങ്ങനെയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു മുരളി. എളുപ്പം വികാരാധീനയാകും. ചെറിയ വിഷമങ്ങള്‍ മതി കണ്ണ് നിറയാന്‍. ജാനകിയമ്മയെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയുന്ന സത്യം. ”നഗരത്തിന് അടുത്തെങ്കിലും നഗരത്തിരക്കില്‍ നിന്നും ബഹളത്തില്‍ നിന്നും ഏറെ അകലെയാണ് ഈ നാട്ടിന്‍പുറം. പത്രവും ടെലിവിഷനും ഒന്നുമില്ല ഇവിടെ. വൈഫൈ കണക്ഷനും ദുര്‍ബലം. ഓണ്‍ലൈനിലൂടെയും മറ്റും പുറംലോകത്തെ വാര്‍ത്തകള്‍ അറിയുമ്പോള്‍ അമ്മ പറയും : നമ്മളിവിടെ സ്വസ്ഥമായി ഇരിക്കുന്നു. പുറത്ത് ആളുകള്‍ ദുരിതത്തിലാണ്. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നാണ് എന്റെ ദുഃഖം.”
പ്രിയഗായികയുടെ ആരോഗ്യസ്ഥിതിയില്‍ ഉത്കണ്ഠ വേണ്ടെന്ന് കൂട്ടിച്ചേര്‍ക്കുന്നു മുരളി. രോഗഭീതിയില്‍ കഴിയുന്ന സാധാരണക്കാരായ മനുഷ്യരെ ചൊല്ലിയാണ് അമ്മയുടെ ആശങ്ക മുഴുവന്‍. ”ഇതൊരു വലിയ പരീക്ഷണഘട്ടമാണ്. വീട്ടില്‍ ഒതുങ്ങിയിരിക്കുക, കഴിയുന്നത്ര വ്യക്തിശുചിത്വം പാലിക്കുക. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുക. ഇതൊക്കെയാണ് നമ്മുടെ മുന്നില്‍ ആകെയുള്ള പോംവഴികള്‍. ബാക്കിയെല്ലാം ഈശ്വരന്റെ കൈകളിലാണ്.”
”പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീര്‍പ്പുഴയില്‍ നീന്തുമ്പോള്‍
താങ്ങായ് തണലായ് ദിവ്യ ഔഷധിയായ്
താതാ നാഥാ കരം പിടിക്കൂ… ”
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കുമോ?
–രവിമേനോന്‍