“കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നത്, വിനായകനെ നിർദ്ദേശിച്ചത് മമ്മൂട്ടി”; ജിതിൻ കെ ജോസ്

','

' ); } ?>

‘കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നതായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്. എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി പൃഥ്വി തിരക്കിലായി പോയത് കൊണ്ടാണ് മറ്റൊരു നടനിലേക്ക് കഥാപാത്രം പോയതെന്നും, പകരം വിനായകനെ നിർദ്ദേശിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങള്‍ക്ക് ഇടമുള്ളതാണ് ചിത്രം. അന്ന് മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായും ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തും കഥപറയാമെന്ന തീരുമാനത്തിലേക്ക് എത്തി. ഞങ്ങള്‍ പറയാതെ തന്നെ, ഒരു കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന്‌ പൃഥ്വിരാജ് പറഞ്ഞു. അപ്പോഴാണ് നമ്മളും അത് മനസിലുണ്ടെന്ന് പൃഥ്വിരാജിനോട് പറഞ്ഞത്.’ ജിതിന്‍ കെ. ജോസ് പറഞ്ഞു.

‘വിനായകന്‍ ചെയ്ത കഥാപാത്രമായിരുന്നു പൃഥ്വിരാജിന് വേണ്ടി കരുതിയിരുന്നത്. പിന്നീട് മമ്മൂക്കയുടെ ഡേറ്റും അവയ്‌ലബിലിറ്റിയും കണക്കിലെടുത്താണ് ഷൂട്ടിലേക്ക് കടക്കുന്നത്. ആ സമയത്ത് പൃഥ്വി എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി തിരക്കിലായി. അങ്ങനെയാണ് മറ്റ് നടന്മാരുടെ സാധ്യത തേടിയത്. മമ്മൂക്കയാണ് വിനായകനെ സജസ്റ്റ് ചെയ്തത്.’ ജിതിന്‍ കെ ജോസ് കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായ് സംവിധാനംചെയ്യുന്ന ചിത്രമാണ് ‘കളങ്കാവല്‍’. മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം നവംബര്‍ 27-ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ‘കളങ്കാവലി’നുണ്ട്.

വിനായകൻ ജയകൃഷ്‌ണൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, സ്റ്റാൻലി ദാസ് എന്ന് പേരുള്ള ഒരു സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ട‌ർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്‌ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.