
അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നത് നല്ലതല്ലെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരന് കെ.വി മോഹന്‍ കുമാര്‍. തിരുവനന്തപുരത്തു വെച്ച് നടന്ന കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെഅടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പിന്തുണച്ചാണ് കെ.വി മോഹന്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ നിര്‍മ്മാണത്തിന്റെ കോസ്ററ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ 3 മാസത്തെ പരിശീലനം നല്‍കണമെന്നാണ് അടൂര്‍ പറഞ്ഞതെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു മോഹന്‍ കുമാറിന്റെ പിന്തുണ.
“കെഎസ്എഫ്ഡിസി സിനിമ നിര്‍മിക്കുന്നതിന് ധനസഹായം നല്കുമ്പോള് വനിതകള്ക്കായാലും പട്ടിക ജാതി / പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ഗുണഭോക്താക്കള്ക്കായാലും സിനിമാ നിര്‍മ്മാണത്തിന്റെ കോസ്ററ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ 3 മാസത്തെ പരിശീലനം നല്‍കണം എന്നാണ് അദ്ദേഹം പറഞ്ഞത് . ധനസഹായം നല്‍കുന്നത് നല്ലൊരു കാര്യമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ‘സൂപ്പര്‍ സ്റ്റാറുകളെ വച്ച് സിനിമ നിര്‍മിക്കാന്‍ ധനസഹായം നല്‍കരുത് ‘. അതും നല്ല നിര്‍ദ്ദേശമായി എനിക്ക് തോന്നി. കാരണം സൂപ്പര്‍ സ്റ്റാറിന് ഒന്നും ഒന്നരക്കോടിയും ശമ്പളം കൊടുക്കേണ്ടി വരുമല്ലോ”?. മോഹൻ കുമാർ പറഞ്ഞു.
“പക്ഷെ ,സാമൂഹ്യ മാദ്ധ്യമങ്ങളിലെ വിമര്‍ശനം കാണുമ്പോള്‍ വസ്തുതകള്‍ വളച്ചൊടിച്ച് ജാതി വിദ്വേഷം പരത്തുന്ന അവസ്ഥയില്‍ എത്തിയതായി തോന്നുന്നു. മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച മഹാനായ ചലച്ചിത്ര സംവിധായകനാണ് അദ്ദേഹമെന്ന് നാം മറന്നു പോകുന്നു . നമ്മുടെ ചോയിസിലല്ലല്ലോ നാം ഓരോ ജാതിയിലും മതത്തിലും ജനിക്കുന്നത്. ഏതെങ്കിലുമൊരു ജാതിയിലോ മതത്തിലോ ജനിച്ചു എന്നത് നമ്മുടെ കുറ്റവുമല്ല. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നതും അപഹസിക്കുന്നതും നല്ല വഴക്കമാണോ എന്ന് നമ്മുടെ പൊതുസമൂഹം വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു”. മോഹൻ കുമാർ കൂട്ടിച്ചേർത്തു.
പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
അടൂരിന്റെ പ്രസ്താവനനയ്ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.
ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്ത്തകന് ദിനു വെയില് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില് പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.