
ചെറുപ്പക്കാർ വളർന്നുവരുമ്പോഴെ ഈ ലഹരിയൊക്കെ ഇവിടെയുണ്ടെന്നും, ലഹരിയുടെ കാര്യത്തിൽ ചെറുപ്പക്കാരെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ‘ബാംഗ്ലൂർ ഹൈ’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ കാര്യത്തിൽ നമ്മളെപ്പോഴും ചെറുപ്പക്കാരെയാണ് കുറ്റം പറയുന്നത്. ആക്ച്വലി ചെറുപ്പക്കാരല്ല ഇതൊന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോൾ വലുതായിട്ടുള്ള ആളുകൾ വഴിയാണ് ഇതൊക്കെ ഇവിടെ എത്തിയിട്ടുള്ളത് പക്ഷെ നമ്മൾ ചെറുപ്പക്കാരുടെ മേലെയാണ് ഈ കുറ്റം അടിച്ചേൽപ്പിക്കുന്നത്. പ്രായം ആയവർ ചെറുപ്പക്കാരുടെ മേളിലിടും അവർ അതിന് പിന്നാലെ വരുന്നവരെയും കുറ്റപ്പെടുത്തും, അങ്ങനെ പോകുകയാണ് ഇത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈൻ ടോം ചാക്കോയോടൊപ്പം സിജു വിൽസണും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ബാംഗ്ലൂർ ഹൈ’. കോൺഫിഡന്റ് ഗ്രൂപ്പാണ്ചിത്രത്തിന്റെ നിർമാതാക്കൾ. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ പൂജ ബൊംഗളൂരുവിലെ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സ്സിൽ വെച്ചാണ് നടന്നത്. താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ. റോയ്, സംവിധായകൻ വികെ പ്രകാശ്, എന്നിവരും മറ്റു താരങ്ങളും പങ്കെടുത്തു.
അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആശിഷ് രജനി ഉണ്ണികൃഷ്ണനാണ്.