“പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്, കുറ്റബോധം തോന്നുന്നുണ്ട്”;വിൻസി അലോഷ്യസ്

','

' ); } ?>

സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുറ്റബോധം തോന്നുന്നുണ്ടെന്ന് തുറഞ്ഞു പറഞ്ഞ് നടി വിൻസി അലോഷ്യസ്. താന്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോയതെന്നും, പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചതിൽ കുറ്റബോധമുണ്ടെന്നുമാണ് വിൻസിയുടെ പ്രതികരണം. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി മനസ് തുറന്നത്.

മോശം അനുഭവം ഉണ്ടായ വ്യക്തിയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ ഞാൻ തീരുമാനിച്ചിരുന്നു. എന്റെ ഭാഗം വ്യക്തമാക്കി ഞാനൊരു വിഡിയോയും ചെയ്തു. അതുവരെ ഞാന്‍ ശരിയായിരുന്നു. പിന്നീട് പലതരം സമ്മര്‍ദങ്ങളുണ്ടായി. എന്നെക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുപ്പിച്ചു. അത് വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്. സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷെ ആ പേരുകളെല്ലാം ലീക്കായി. ആരാണ് അതിന് പിന്നിലെന്ന് എനിക്കിപ്പോഴും അറിയില്ല. അത് വേണ്ടിയിരുന്നില്ല. വിൻസി പറഞ്ഞു.

ഒരു മാറ്റത്തിന് കാരണമാകുന്നെങ്കില്‍ ആകട്ടെ എന്നു കരുതിയാണ് മുന്നോട്ട് പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും അവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നു. അതിന് ഞാനൊരു കാരണമായല്ലോ എന്ന കുറ്റബോധം എനിക്കുണ്ട്. വിൻസി കൂട്ടിച്ചേർത്തു.

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് ഡാന്‍സാഫ് (DANSAF) സംഘം പരിശോധന നടത്തുകയും മൂന്ന് എ സി പി മാരടക്കമുള്ള സംഘം നാലു മണിക്കൂറിലധികം ഷൈനിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഷൈൻ പോലീസുകാരുമായി സഹകരിക്കാത്തതും ചർച്ചയായിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്ന് ഷൈൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ വവൈദ്യ പരിശോധനയ്ക്ക് ശേഷം എൻ ഡി.പി.എസ്. ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ടാളുടെ ആൾജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

എന്നാൽ ചെയ്ത തെറ്റിനോട് ഷൈൻ ടോം ചാക്കോ മാപ്പ് ചോദിക്കുകയും, സൂത്രവാക്യം സിനിമയുടെ പ്രമോഷന് ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.