
‘ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സുദീപ്തോ സെന്നിൻ്റെ കമൻ്റിന് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്‌സ്. “ലോക സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പല സിനിമകളും വിഎഫ്എക്‌സ് കാരണമാണെന്ന് സിനിമകളുടെ പേര് എണ്ണിപ്പറഞ്ഞ് കാൾ ലാഫ്രെനെയ്‌സ് പറഞ്ഞു.
“അതുകൊണ്ടാണ് ‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടിയത്. അതുകൊണ്ടാണ് ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ എന്നീ സിനിമകൾ ഇതേ അവാർഡ് നേടിയത്. വിഎഫ്എക്സ് ഒരു അയോഗ്യതാ ഘടകമാണെങ്കിൽ ലോക സിനിമയിലെ ഏറ്റവും വലിയ ദൃശ്യ നേട്ടങ്ങളിൽ പകുതിയും നമ്മുടെ സംഭാഷണത്തിൽ പോലും ഉണ്ടാകില്ലായിരുന്നു. പിന്നെ, ഇൻസ്റ്റഗ്രാമിൽ എന്തും എഴുതുന്നവർക്ക് താങ്കൾ ക്ലാസ് എടുക്കുന്നതു കണ്ടു. അത് ശരിയാണ്, ഇൻസ്‌റ്റഗ്രാം അങ്ങനൊരു സൗകര്യം നൽകുന്നുണ്ട്. അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാണ് വിളിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. സിനിമയോടുള്ള സ്നേഹംകൊണ്ടു പറയുകയാണ് നിങ്ങളുടെ സിനിമ ‘ദ് കേരള സ്‌റ്റോറിയുമായി’ ‘ആടുജീവിതത്തെ’ താരതമ്യം ചെയ്യരുത്.’ കാൾ ലാഫ്രെനെയ്‌സ് പറഞ്ഞു.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തെ മറികടന്നാണ് സുദീപ്നാ സെന്നിൻ്റെ ‘ദ് കേരള സ്‌റ്റോറി’ക്ക് മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനും അവാർഡ് നൽകിയത് എന്ന് രാജ്യവ്യാപകമായി വിമർശനം ഇപ്പോഴും ഉണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സുദീപ്‌തോ സെന്നിൻ്റെ കമന്റ്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ചോദ്യം ചെയ്ത ഒരു ഉപയോക്താവിനാണ് സുദീപ്തോ സെൻ മറുപടി നൽകിയത്. “ഛായാഗ്രഹണത്തിന് അവാർഡ് നൽകുന്നത് എന്തു മാനദണ്ഡത്തിലാണ് എന്ന് നിങ്ങൾക്കറിയാമോ? ആടുജീവിതം എനിക്കും ഇഷ്‌ടപ്പെട്ട സിനിമയാണ്. പക്ഷേ അതിൻ്റെ ദൃശ്യങ്ങൾ വിഎഫ്എക്സ് ഉപയോഗിച്ചാണ് സൃഷ്‌ടിച്ചത്. സുദീപ്‌തോ സെൻ പറഞ്ഞു.
ഈ കമന്റിനാണ് ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്‌സ് മറുപടി നൽകിയത്. ” – കാൾ ലാഫെനെയ്‌സിൻ്റെ മറുപടി. സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് ഇൻഫ്ലുവൻസർക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.