പാക്ക് അഭിനേതാക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യ; നീക്കം പാക് അനുകൂലമായ നിരവധി യൂട്യൂബ് അക്കൗണ്ടുകൾ നിരോധിച്ചതിന് പിന്നാലെ

','

' ); } ?>

പാക് അഭിനേതാക്കളായ മഹിര ഖാൻ, ഹനിയ ആമിര്‍, അല സഫര്‍ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യ. പാക് അനുകൂലമായ നിരവധി യൂട്യൂബ് അക്കൗണ്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കവും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സോഷ്യൽമീഡിയയിലടക്കം ഇന്ത്യ ശക്തമായ നടപടി തുടരുന്നത്.

ബ്ലോക്ക് ചെയ്യപ്പെട്ട നടികളിൽ ഒരാളായ ഹനിയ അമീര്‍ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ട്രാജഡി എവിടെയും ട്രാജഡിയാണെന്നും എന്റെ ഹൃദയം ജീവൻ നഷ്ടമായ നിരപരാധികൾക്ക് ഒപ്പമാണ്. വേദന അവരുടേത് മാത്രമല്ല, ഞങ്ങൾക്കെല്ലാം ഒരുപോലെ വേദനിക്കുന്നുണ്ട്. നമ്മൾ എവിടെ നിന്ന് വന്നവരാണെങ്കിലും ദു:ഖത്തിന് ഒരേ ഭാഷയാണ്. നമുക്ക് എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ നിൽക്കാം എന്നും ഹനിയ പങ്കുവെച്ചിരുന്നു . ‘മേരെ ഹംസഫർ’, ‘കഭി മേൻ കഭി തും’ എന്നീ പാക് വെബ് ചിത്രങ്ങളിലൂടെ ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തയായ നടിയാണ് ഹാനിയ ആമിർ.

അതേസമയം, ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക താവളത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനുശേഷം പാകിസ്താന്‍ താരങ്ങൾ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചിട്ടില്ല. നേരത്തെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതും ഭീകരാക്രമണത്തെ ന്യായീകരിക്കുന്നതുമായ വീഡിയോ പങ്കുവച്ച 16 യൂട്യൂബ് ചാനലുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. കശ്മീരിൽ 26 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിര്‍ത്തി കടക്കാനുള്ള അനുമതിയും നിഷേധിച്ചു.

സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ചിട്ടുള്ളത്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതെ സമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം നടന്നിരുന്നു. എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധപ്പെടുത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വിമര്‍ശിച്ച് കമന്റുകളിടുന്നത്. ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ’, ‘ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള്‍ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല’, ‘പാകിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ് മാരെ സൂക്ഷിക്കു’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകൾ.

പൃഥ്വിരാജിനെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘‌പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം’, മോഹൻലാൽ കുറിച്ചു.

സംഭവത്തിൽ പ്രതികരിച്ച് മമ്മൂട്ടിയും സുരേഷ്ഗോപിയുമടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. “ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വപൂർണ്ണമായ ഭീകരാക്രമണത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുകയും തകർന്നുപോകുകയും ചെയ്യുന്നു. ഈ വിവേകശൂന്യമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി എന്റെ ഹൃദയം ദുഃഖിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു പൗരനെന്ന നിലയിൽ, ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഹീനകൃത്യത്തിന്റെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണം. മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, ഈ നികത്താനാവാത്ത നഷ്ടം നേരിടാൻ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ”.എന്ന് സുരേഷ്‌ഗോപി ഫേസ്ബുക്കിൽ കുറിച്ചു. അക്രമണത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളും ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഹൃദയം തകർന്നു. ഇത്രയും വലിയ ദുരന്തത്തിന് മുന്നിൽ വാക്കുകൾക്ക് അപ്പുറമാണ്. ദുരിതബാധിത കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്, ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഐക്യപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ സായുധ സേനയിൽ ഞങ്ങൾ പൂർണ്ണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.