
മണിരത്നം കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ കമൽഹാസൻ തൃഷ ജോഡികളുടെ പ്രണയരംഗങ്ങൾക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മണിരത്നം. വലിയ പ്രായവ്യത്യാസമുള്ളവര്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രണയിക്കാറുണ്ടെന്നും സിനിമ കാണുമ്പോൾ നമ്മൾ അത് അവഗണിക്കുകയാണെന്നും മണിരത്നം പറഞ്ഞു. മിഡ്–ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
യഥാർത്ഥ ജീവിതത്തില്‍ പ്രായത്തില്‍ ഒരുപാട് ഇളയവരുമായി പ്രണയബന്ധങ്ങളുള്ള ആളുകളുണ്ട്. ആണാണെങ്കിലും പെണ്ണാണെങ്കിലും. അതാണ് സത്യാവസ്ഥ. കാലങ്ങള്‍ക്ക് മുമ്പേ അങ്ങനെയാണ്, ഇപ്പോഴുണ്ടായതല്ല. സിനിമയില്‍ കാണുമ്പോള്‍ നമ്മൾ അവഗണിക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ മുന്‍വിധികള്‍ നടത്തുന്നു, ഒരു രീതിയില്‍ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കുന്നു. ഇത്തരം രംഗങ്ങളെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ, അഭിനയിക്കുന്ന അഭിനേതാക്കളെ വച്ചല്ല. അത് തൃഷയും കമലുമല്ല, രണ്ട് കഥാപാത്രങ്ങളാണ്. സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ,’ മണിരത്നം പറഞ്ഞു.
മണിരത്നം-കമല്ഹാസന് ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ തഗ് ലൈഫിന് കമല്‍ ഹാസനും മണിരത്നവും 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവര്‍ക്കൊപ്പമുള്ള കമല്‍ഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു. 70 കാരനായ കമല്ഹാസന് നായികമാരായി എത്തിയ 2 താരങ്ങള്‍ക്കും 40 വയസാണ് പ്രായം എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. മകളുടെ പ്രായമുള്ളവര്‍ക്കൊപ്പം കമല്ഹാസന് റൊമാന്‍സ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ നീണ്ടിരുന്നു.
ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.