
തന്റെ ഗാനം അനുവാദമില്ലാതെ ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് ‘ഡ്യൂഡ്’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സംഗീത സംവിധായകന് ഇളയരാജ. കേസുമായി മുന്നോട്ടുപോകാന്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന് അനുമതി നൽകിയിട്ടുണ്ട്. ദീപാവലി റിലീസ് ആയി എത്തിയ പ്രദീപ് രംഗനാഥന്-മമിതാ ബജു ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നോട് പോകുമ്പോഴാണ് ഇളയരാജയുടെ നിയമനടപടി. ഇറങ്ങുന്ന എല്ലാ സിനിമകൾക്കും വലിയ ലേബലുകൾക്കെതിരെ അപേക്ഷ സമർപ്പിക്കാൻ ഇളയരാജയ്ക്ക് കഴിയില്ലെന്ന് പ്രഭാകരൻ വാദിച്ചതോടെ ‘ഡ്യൂഡി’ന് എതിരെ പ്രത്യേക കേസ് ഫയല്‍ ചെയ്യാന്‍ കോടതി അനുമതി നൽകുകയായിരുന്നു.
പകർപ്പവകാശം ലംഘിക്കപ്പെട്ടു എന്ന് കാട്ടിയാണ് മൈത്രി മൂവി മേക്കേഴ്സിന്റെ ചിത്രത്തിന് എതിരെ ഇളയരാജ കോടതിയെ സമീപിച്ചത്. പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസ് നിലനില്ക്കുമ്പോള് തന്നെ ഇളയരാജയുടെ ഗാനങ്ങള്‍ സിനിമകളില്‍ ഉപയോഗിച്ചു വരികയാണെന്ന്
ഇളയരാജയുടെ അഭിഭാഷകന് പ്രഭാകരന് ചൂണ്ടിക്കാട്ടി.
സോണി മ്യൂസിക്ക് എന്റർടൈൻമെന്റിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.
താന്‍ മുന്‍പ് ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ ‘ഡ്യൂഡ്’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇളയരാജ കോടതിയെ അറിയിച്ചത്. ‘പുതു നെല്ലു പുതു നാത്തു’ എന്ന സിനിമയ്ക്കുവേണ്ടി 1991 ൽ ചിട്ടപ്പെടുത്തിയ ‘കറുത്ത മച്ചാ…’ എന്ന പാട്ടാണ് അതിലൊന്ന്.
നേരത്തെ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന അജിത്ത് ചിത്രം, തമിഴ്നാട്ടില്‍ വലിയ കളക്ഷന്‍ നേടിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്നീ സിനിമകള്‍ക്ക് എതിരെ ഇളയരാജ പകർപ്പവകാശ ലംഘനം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ‘ഗുഡ് ബാഡ് അഗ്ലി’ ഇളയരാജ സംഗീതം നൽകിയ മൂന്നു പഴയ ഗാനങ്ങളോടെ പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും മദ്രാസ് ഹൈക്കോടതി നേരത്തേ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ‘മഞ്ഞുമ്മൽ ബോയ്സി’നെതിരേയുള്ള കേസ് കൊടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തുകയായിരുന്നു.
താൻ സംഗീതം നൽകി പുറത്തിറക്കിയ പാട്ടുകളുടെ പൂർണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങൾവരുത്തി പുതിയ പാട്ടുകൾ ഇറക്കാനും മ്യൂസിക് കമ്പനികള്‍ക്ക് അവകാശമില്ലെന്നും കാണിച്ചായിരുന്നു സോണി മ്യൂസിക്കിനെതിരെ ഇളയരാജ ഹർജി നൽകിയത്. വാദം കേട്ട കോടതി, രാജയുടെ ഗാനങ്ങളിലൂടെ സോണി മ്യൂസിക് എന്റർടൈൻമെന്റിന് ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സീല്‍ ചെയ്ത കവറില്‍ ഈ വിവരങ്ങള്‍ കൈമാറാം എന്ന് സോണി അറിയിച്ചെങ്കിലും രാജയുടെ എതിർപ്പിനെ തുടർന്ന് സുപ്രീം കോടതിയുടെ നിർദേശം തേടിയ ശേഷമാകും ഹൈക്കോടതി മുദ്രവച്ച കവറിലെ വിവരങ്ങള്‍ സ്വീകരിക്കുക.