
എട്ടുകോടി രൂപയുടെ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമർപ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. മുമ്പും ഇളയ രാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. ഇളയരാജ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമര്‍പ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ജാതിമതഭേദമന്യെ ഭക്തജനങ്ങള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക. 31 വര്‍ഷം ജഗദ്മാതാവായ മൂകാംബികയുടെ പ്രധാന അര്‍ച്ചകരില്‍ ഒരാളായിരുന്നു കെ.എന്‍ നരസിംഹ അഡിഗ.