23ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് തിരി തെളിയും. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, ഡെലിഗേറ്റ് ഫീ ഉയര്‍ത്തിയും, ചെലവു കുറച്ചുമൊക്കെയാണ് ഇക്കൊല്ലം മേള നടക്കാന്‍ പോകുന്നത്. ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ലളിതമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
72 രാജ്യങ്ങളില്‍ നിന്നുള്ള 164 സിനിമകള്‍, 386 സ്‌ക്രീനിംഗുകളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമാ ഇന്ന്, മലയാളം സിനിമാ ഇന്ന്, ലോക സിനിമ, പോട്ട്പുരി ഇന്ത്യ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍, മിലോസ് ഫോര്‍മാന്‍ പാക്കേജുകള്‍, മലയാളി ചലച്ചിത്രകാരന്‍ ലെനിന്‍ രാജന്ദ്രന്റെ സിനിമകളുടെ റെട്രോസ്‌പ്പെക്റ്റിവ്, മിഡ്‌നൈറ്റ് സ്‌ക്രീനിംഗ്, ജൂറി ചിത്രങ്ങള്‍ എന്നിവ കൂടാതെ അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ‘ദി ഹ്യൂമന്‍ സ്പിരിറ്റ്’ എന്ന പ്രത്യേക വിഭാഗവും ഈ വര്‍ഷത്തെ മേളയിലുണ്ട്.
സുവര്‍ണ്ണരജത ചകോര പുരസ്‌കരങ്ങള്‍ക്കായി ഈ വിഭാഗത്തിലെ 14 ചിത്രങ്ങള്‍ മത്സരിക്കും. ഇതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നുള്ളവയാണ്. ഇന്ത്യന്‍ സംവിധായിക അനാമിക ഹസ്‌കര്‍ ഉള്‍പ്പടെ നാല് വനിതാ സംവിധായികമാരുടെ ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജിദിയുടെ അധ്യക്ഷതയിലുള്ള രാജ്യാന്തര ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുക. ഇത് കൂടാതെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിനിമ, ഫിപ്‌റസ്‌ക്കി, നെറ്റ്പ്പാക്ക് എന്നീ പുരസ്‌കാരങ്ങളും ഐഎഫ്എഫ്‌കെ നല്‍കും. മേളയുടെ അവസാന ദിനമായ ഡിസംബര്‍ 13നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ‘ഹൈ ലൈഫ്’, അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം ‘ബോര്‍ഡര്‍’, ഫ്രഞ്ച് സംവിധായന്‍ ക്വാര്‍ക്‌സിന്റെ ‘ആള്‍ ദ ഗോഡ്‌സ് ഇന്‍ ദ സ്‌കൈ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
‘ദി ഹ്യൂമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റീബില്‍ഡിംഗ്’വിഭാഗത്തില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ‘വെള്ളപ്പൊക്കത്തില്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. മായന്‍ സംസ്‌കാരത്തിന്റെ അതിജീവനം പ്രമേയമാകുന്ന മെല്‍ ഗിബ്‌സണിന്റെ ‘അപ്പോകാലിപ്‌റ്റോ’, കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ‘ബിഫോര്‍ ദ ഫഌ്’, ‘ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്’, ‘മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം’, ‘പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ്’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മേളയിലെ ഇത്തവണത്തെ റെട്രോസ്‌പ്പെക്റ്റിവ് വിഭാഗത്തില്‍ പ്രധാനപ്പെട്ടത് മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ചിത്രങ്ങളുടെ പാക്കേജ് ആണ്. ‘ലെനിന്‍ രാജേന്ദ്രന്‍: ക്രോണിക്ക്‌ളര്‍ ഓഫ് ഔര്‍ ടൈംസ്’ എന്ന വിഭാഗത്തില്‍ ‘മീനമാസത്തിലെ സൂര്യന്‍’, ‘സ്വാതി തിരുനാള്‍’, ‘ചില്ല്’, ‘മഴ’, ;ദൈവത്തിന്റെ വികൃതികള്‍’, ‘വചനം’ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടും.
മത്സര വിഭാഗത്തിലേക്ക് മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പന്ത്രണ്ടു സിനിമകള്‍ വേറെയുണ്ട്.
പി കെ ബിജുക്കുട്ടന്റെ ‘ഓത്ത്’, സൗബിന്‍ ഷാഹിറിന്റെ ‘പറവ’, ജയരാജിന്റെ ‘ഭയാനകം’, ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ഉടലാഴം’, ആഷിക് അബുവിന്റെ ‘മായാനദി’, വിനു എ കെയുടെ ‘ബിലാത്തിക്കുഴല്‍’, വിപിന്‍ വിജയുടെ ‘പ്രതിഭാസം’, ബി അജിത്കുമാറിന്റെ ‘ഈട’, ബിനു ഭാസ്‌കറിന്റെ ‘കോട്ടയം’, സുമേഷ് ലാലിന്റെ ‘ഹ്യൂമന്‍സ് ഓഫ് സംവന്‍’, ഗൗതം സൂര്യയുടെ ‘സ്ലീപ്‌ലെസ്സ്‌ലി യുവേര്‍സ്’, വിപിന്‍ രാധാകൃഷ്ണന്റെ ‘ആവേ മരിയ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനാലു ചിത്രങ്ങളില്‍ പത്തെണ്ണവും നവാഗത സംവിധായകരുടെതാണ്.
ഇത്തവണ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. മൂന്നു ദിവസത്തേക്ക് മാത്രമായി ആയിരം രൂപയുടെ പാസുകളും ഇത്തവണ ലഭിക്കും.മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രമായ ‘എവെരിബഡി നോസ്’ പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.