
റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ തെളിവ് പുറത്തുവിടാന്‍ നിര്‍മാതാവിനെ വെല്ലുവിളിച്ച് ‘ദി സിനിഫൈല്‍’ ഗ്രൂപ്പ് സ്ഥാപകന്‍ ബിജിത്ത് വിജയന്‍. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ രേഖ കൈയിലുണ്ടെന്ന് നിർമ്മാതാവ് വിപിൻദാസ് നടത്തിയ ആരോപണത്തിന് പിന്നാലെയാണ് ബിജത്തിന്റെ വെല്ലു വിളി. ‘ദി സിനിഫൈല്‍’എന്ന ഫേസ്ബുക് ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ബിജിത്ത് ഈ കാര്യങ്ങൾ പറഞ്ഞത്. കൂടാതെ നിര്‍മാതാവിന്റെ ആരോപണം സിനിമയുടെ മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ്. നല്ല സിനിമകള്‍ മരിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും ബിജിത്ത് പറഞ്ഞു.
‘ഇന്നലെ സമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട്. സംവിധായകനും നിര്‍മാതാവുമായ വിപിന്‍ ദാസ് എനിക്കെതിരെ ഒരു പ്രസ്താവന നടത്തി. എനിക്കും സിനിഫൈല്‍ മൂവി ഗ്രൂപ്പിന് പണം തന്നില്ലെങ്കില്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയ്‌ക്കെതിരേ ഞാന്‍ നെഗറ്റീവ് റിവ്യൂ നടത്തുമെന്ന്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞവാക്കുകളാണിത്. നെഗറ്റീവ് റിവ്യൂ ചെയ്യും എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ വോയ്‌സ് റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഒരു വോയ്‌സ് റെക്കോര്‍ഡ് ഉണ്ടെന്നുണ്ടെങ്കില്‍ അദ്ദേഹം ഉറപ്പായും അത് പുറത്തുവിടണം’, ബിജിത്ത് ആവശ്യപ്പെട്ടു.
‘എല്ലാവരും കാണെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊമോഷന്റെ മറ്റൊരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയായിരുന്നു ഈ പറയുന്ന ബിജിത്ത് എന്ന വ്യക്തിയും സിനിഫൈല്‍ എന്ന മൂവി ഗ്രൂപ്പും. അദ്ദേഹം പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍, ബിജിത്ത് വിജയനും സിനിഫൈല്‍ മൂവി ഗ്രൂപ്പിനും കാശ് തന്നില്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ ഇടും എന്ന് പറഞ്ഞ വോയ്‌സ് റെക്കോര്‍ഡ് ഉറപ്പായും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പുറത്തുവിടണം. നല്ല സിനിമകള്‍ മരിക്കാതിരിക്കട്ടെ എന്ന് ഏറ്റവും കൂടുതല്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം. വിപിന്‍ ചേട്ടന്‍ എത്രയും വേഗം ആ വോയ്‌സ് റെക്കോര്‍ഡ് പുറത്തുവിടണം’, ബിജിത്ത് കൂട്ടിച്ചേര്‍ത്തു.
റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ വിപിന്‍ ദാസ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നു. വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിച്ചു. ശേഷമായിരുന്നു സിനിമയ്ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതിനല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ വ്യക്തമാക്കിയിരുന്നു.