
ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത്ത് ശ്വേത മേനോൻ വന്നാൽ അത് സ്ത്രീത്വത്തിന് നാണക്കേടാണെന്ന് വ്യക്തമാക്കി നടൻ ദേവൻ. അത് സ്ത്രീകളുടെ അവകാശമാണെന്നും, പുരുഷൻ നൽകുന്ന ദാനമാകരുതെന്നും ദേവൻ കൂട്ടിച്ചേർത്തു. അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ അഭിപ്രായത്തിൽ , വനിതാ റിസർവേഷൻ, വനിതാ ആക്ട് എന്നൊക്കെ പറയുന്ന കാര്യങ്ങൾ ഒരിക്കലും റിസർവേഷൻ ആവരുത്. അത് സ്ത്രീകളുടെ അവകാശമാണ്. അവരതിന് വേണ്ടി ഫൈറ്റ് ചെയ്തു നേടി. സ്ത്രീ സ്വന്ത്രത്തിനും, പുരോഗമനത്തിനും വേണ്ടി താൻ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയാണെന്നാണ് ജഗദീഷ് പറയുന്നത്. അത് ശരിയല്ല. ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത്ത് ശ്വേത മേനോൻ വന്നാൽ അത് ശ്വേത മേനോനും, സ്ത്രീ സമൂഹത്തിനു മുഴുവനും നാണക്കേടല്ലേ?. ഞാൻ മാറിയ സ്ഥാനത്ത് നിങ്ങൾ വന്നിരുന്നോളു എന്ന് ഔദാര്യം കാണിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ദേവൻ പറഞ്ഞു.
അമ്മയുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കാമെന്നായിരുന്നു ജഗദീഷിന്റെ അഭിപ്രായം. ഇപ്പോൾ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമ്മയുടെ അധ്യക്ഷപദവിയിലേക്ക് നടി ശ്വേതാമേനോന്റെ സാധ്യതയേറിയിരുന്നു. ആദ്യമായാണ് അമ്മമ്മയുടെ അധ്യക്ഷതപദവിയിലേക്ക് ഒരു വനിതാ മത്സരിക്കാനൊരുങ്ങുന്നത്.
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമാതാവും നടിയുമായ സാന്ദ്രാ തോമസാണ് മത്സരിക്കുന്നത്. പത്രിക പിൻവലിക്കില്ലെന്നും ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നുമാണ് സാന്ദ്രാ അറിയിച്ചിട്ടുള്ളത്. തന്റെ പത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും സാന്ദ്രാ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ജോ; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ അൻസിബ ഹസനും സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നുമാണ് അറിയിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരിക്കുന്നത് കുക്കു പരമേശ്വരനാണ്. നവ്യാ നായരും അൻസിബ ഹസനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഷീലാ കുര്യൻ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയിട്ടുണ്ട്.