പെണ്ണായിരുന്നെങ്കിൽ ഉറപ്പായും സൂര്യയ്ക്ക് ലവ് ലെറ്റർ കൊടുക്കുമായിരുന്നു; ജോജു ജോർജ്

','

' ); } ?>

താൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും സൂര്യയ്ക്ക് ലവ് ലെറ്റർ കൊടുക്കുമായിരുന്നെന്ന് നടൻ ജോജു ജോർജ്. തന്റെ ഏറ്റവും പുതിയ ചിത്രം റെട്രോയുടെ സിനിമയുടെ കേരളാ പ്രമോഷൻ ചടങ്ങിലാണ് താരത്തിന്റെ രസകരമായ പ്രതികരണം.കാണാനുള്ള ഭംഗി മാത്രമല്ല, സൂര്യ എന്ന നടനെ രസമാക്കുന്നത് അയാളുടെ സ്വഭാവം കൂടിയാണെന്നും നടന്‍ കൂട്ടിച്ചേർത്തു.

‘കിടിലൻ ആണ് പുള്ളി. ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും ലവ് ലെറ്റർ കൊടുക്കുമായിരുന്നു. കാരണം ഒരാളെ കാണാനുള്ള ഭംഗി മാത്രമല്ല, ആ ഭംഗി രസമാകുന്നത് അയാളുടെ സ്വഭാവം കൊണ്ട് കൂടിയാണ്. ആളുകളോടുള്ള പെരുമാറ്റവും സമീപനവും എല്ലാം കാണുന്നുണ്ട് അല്ലെങ്കിൽ നമ്മുക്ക് പെട്ടെന്ന് മടുക്കും. അദ്ദേഹത്തെക്കുറിച്ച് അറിയും തോറും ഈ സ്നേഹം എല്ലാം അർഹിക്കുന്ന സൂപ്പർ സ്റ്റാർ ആണ് സൂര്യ,’ ജോജു ജോർജ് പറഞ്ഞു.ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നതെന്നാണ് സിനിമയുടെ ട്രെയ്ലർ നൽകിയ സൂചന. വളരെ റോ ആയ ഒരു വില്ലനെയാണ് ജോജു സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എന്തായാലും സൂര്യക്ക് ഒത്ത ഒരു എതിരാളിയാകും ജോജുവെന്നും നടന്റെ മറ്റൊരു മികച്ച പ്രകടനം സിനിമയിലൂടെ കാണാൻ സാധിക്കുമെന്നുമാണ് പലരും കുറിക്കുന്നത്.

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സ്വാസിക തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് തിയേറ്ററിൽ എത്തുന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.

അതെ സമയം റെട്രോയിലെ ജയറാമിന്റെ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ജയറാം തിരഞ്ഞെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. എന്നാൽ ജയറാമിന്റെ കഥാപാത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത് വന്നിരുന്നു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞത്.
“ജയറാം സാറിന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെർഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാൻ പറ്റും. വില്ലനായും ക്യാരക്ടർ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോയായും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലും വലിയ പടങ്ങളിൽ വില്ലനായും സപ്പോർട്ടിങ് റോളിലും കാണാം. എന്നാൽ പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്ററാണ് എനിക്ക് ഏറ്റവും ഇഷ്ടം,” കാർത്തിക് പറഞ്ഞു.

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.